തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം പൊങ്ങിയത് ഒരു കിലോമീറ്റർ അകലെ തകരപ്പറമ്പ് കനാലിൽ. തോടിന്റെ സമാന്തര ടണലുകളിൽ നിന്ന് വെള്ളം പാർവതീ പുത്തനാറിലേക്ക് ഒഴുകിയെത്തുന്ന വഴിക്കുള്ള കൈവരിയാണിത്. ജോയിയുടെ മൃതദേഹം കൈവരികളിലൂടെ ഒഴുകിപ്പോകാമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും എവിടെ വരെ മൃതദേഹം ഒഴുകിയെത്താം എന്നതായിരുന്നു സംശയം. കരുതിയത് പോലെ സബ് ടണലുകൾ വഴി കനാലിലേക്ക് മൃതദേഹം ഒഴുകിയെത്തി.
നിലവിൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കം. ജോയിയുടെ അമ്മയെ അടക്കം എത്തിച്ച് മൃതദേഹം സ്ഥിരീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
രാവിലെ 9.30യോടെ ടണലിലേക്ക് നാവികസേന ഇറങ്ങി പരിശോധന തുടങ്ങവേയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിക്കുന്നത്. മാലിന്യത്തിൽ മുങ്ങി കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച അവസ്ഥയിലാണ്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്