തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണത്തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച്  മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ല. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ആറുമാസത്തിനകം മാലിന്യപ്രശ്നത്തില്‍ മാറ്റം വരുത്തും. 
ശുചീകരണത്തൊഴിലാളി ജോയി മരിക്കാനിടയായത് റെയില്‍വേയുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായി റെയില്‍വേ മാലിന്യനീക്കം നടത്തിയിരുന്നെങ്കില്‍ ജോയിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന തരത്തിലാണ് ആക്ഷേപമുയര്‍ന്നത്. മാലിന്യനീക്കത്തില്‍ ഇനിയും റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. 
അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യസംസ്‌കരണത്തിനായുള്ള യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് രണ്ട് ഡി.ആര്‍.എമ്മുമാരും (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍) യോഗത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല. 
മാലിന്യനീക്കവുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട 20 കര്‍മ്മപദ്ധതികള്‍ ആ യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനിറ്റ്സില്‍ രേഖപ്പെടുത്തിയ 22 കാര്യങ്ങളില്‍ 20 എണ്ണവും റെയില്‍വേ ചെയ്യേണ്ടതാണ്.
മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തന്നെ റെയില്‍വേയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. റെയില്‍വേ പാതയില്‍ അങ്ങോളമിങ്ങോളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉള്‍പ്പാദകരുടെ ഗണത്തിലാണ് റെയില്‍വേയെ ഹൈക്കോടതി ഉള്‍പ്പെടുത്തിയത്. റെയില്‍വേ പാതയിലും റെയില്‍വേ ഭൂമിയിലും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാന്‍ റെയില്‍വേ നടപടി സ്വീകരിക്കേണ്ടതാണ് എന്നാണ് ജൂലൈ ആറിന് ഹൈക്കോടതി നിര്‍ദേശിച്ചത്.
മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം റെയില്‍വേയ്ക്ക് ആദ്യം കത്ത് കൊടുത്തു. തുടര്‍ന്ന് അഢീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ഇതില്‍ റെയില്‍വേയുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ആരും പങ്കെടുത്തില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റെയില്‍വേയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *