തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾ മഴ പെയ്യുമ്പോൾ തന്നെ തലസ്ഥാന നഗരത്തെ വെള്ളത്തിൽ മുക്കുന്നതിന് പ്രധാന കാരണമാവുന്നത് മാലിന്യം കുന്നുകൂടി പാറപോലെ ഉറച്ച് ജലമൊഴുക്ക് നിലച്ചുപോയ ആമയിഴഞ്ചാൻ തോട് ശുചീകരിക്കാത്തതാണ്. കോടിക്കണക്കിന് രൂപ ചെലവിട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മാലിന്യ നീക്കത്തിലുണ്ടായ വീഴ്ചയുടെ പേരിൽ റെയിൽവേയും നഗരസഭയും പഴിചാരുക മാത്രമാണ് നടക്കുന്നത്.
അതിശക്തമായ നടപടികളെടുക്കാനാവുന്ന ദുരന്ത നിവാരണ നിയമം കൈയുണ്ടായിട്ടും നിസംഗതയോടെ എല്ലാം കണ്ട് സർക്കാർ കൈയും കെട്ടിയിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
ശുചീകരണ തൊഴിലാളിയായ ജോയിയുടെ ദാരുണ മരണത്തിനിടയാക്കിയ ദുരന്തം മനുഷ്യ നി‌ർമ്മിതമാണെന്നാണ് ആക്ഷേപമുയരുന്നത്. ദുരന്ത നിവാരണ നിയമം 2005 പ്രകാരം എവിടെയും  ദുരന്ത, മുന്നൊരുക്ക, പ്രതിരോധ, ലഘൂകരണ പ്രവർത്തനങ്ങൾ നിർവഹിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നിരിക്കെയാണ് റെയിൽവെയെ കുറ്റം പറഞ്ഞ് കൈകഴുകാൻ സർക്കാരും കോർപറേഷനും ശ്രമിക്കുന്നത്.

2015 ന് ഓപ്പറേഷൻ അനന്തയ്‌ക്ക് ശേഷം റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ വൃത്തിയാക്കലൊന്നും നടക്കാതായതോടെ മാലിന്യ നീക്കം ഓരോ വർഷവും കീറാമുട്ടിയാണ്.

 മാലിന്യം കുമിഞ്ഞുകൂടി ടണലിൽ വെള്ളമൊഴുക്ക് നിലയ്‌ക്കുമ്പോൾ തമ്പാനൂർ വെള്ളത്തിനടിയിലാകും. മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന് മുന്നോടിയായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ റെയിൽവേ അധികൃതർ പങ്കെടുക്കാറുണ്ടെങ്കിലും തോട് വൃത്തിയാക്കൽ മാത്രം നടക്കാറില്ല.
തമ്പാനൂരിലെ വെള്ളപ്പൊക്കം ചർച്ച ചെയ്യുന്ന യോഗങ്ങളിൽ ഇറിഗേഷനും കോർപ്പറേഷനും വൃത്തിയാക്കലിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും റെയിൽവേ സമ്മതിച്ചിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. എന്നാൽ റെയിൽവേയുടെ നിസഹകരണം തലസ്ഥാനത്തെ പൊതുപ്രശ്നമായി കണ്ട് റെയിൽവേയ്‌ക്ക് മേൽ നടപടിയെടുക്കാനും ടണൽ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കാനും സംസ്ഥാന ദുരന്ത നിവാരണ നിയമം അനുസരിച്ച് ചീഫ് സെക്രട്ടറിക്ക് ഇടപെടാൻ കഴിയുമായിരുന്നു.
എന്നാൽ നഗരസഭയും റെയിൽവേയും തമ്മിലുള്ള ശീതസമരത്തിൽ ദുരന്തനിവാരണ നിയമം പ്രായോഗികമാക്കാൻ ഇതുവരെയുള്ള ചീഫ് സെക്രട്ടറിമാർ ആരും തയ്യാറായില്ല.
ഏപ്രിൽ 13 ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറും മേയ് 7 ന് കോർപ്പറേഷനും കത്തുനൽകിയിട്ടും റെയിൽവേ അനങ്ങിയില്ല. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി എടുക്കാത്തത് വീഴ്ചയാണെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുറന്നടിച്ചിരുന്നു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷനും ഇറിഗേഷൻ വകുപ്പും ചെലവിട്ടത് കോടികൾ. 12 കോടിയോളം രൂപയാണ് കഴിഞ്ഞ 10 വർഷത്തിനിടെ ചെലവഴിച്ചത്. എന്നിട്ടും മാലിന്യം കട്ടിപിടിച്ച് കെട്ടികിടക്കുകയാണ്.

 ആമയിഴഞ്ചാൻ തോട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറിയ ഓടകളിൽ സ്ലാബിട്ട് മൂടിയിരുന്നെങ്കിൽ ഒരു പരിധിവരെ മാലിന്യം ഒഴുകിയെത്തുന്നത് നിയന്ത്രിക്കാനാവുമായിരുന്നു. മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇരുമ്പ് വല സ്ഥാപിക്കാനും സൈഡ് വാൾ നിർമ്മിക്കാനും ക്യാമറ സ്ഥാപിക്കാനും 2013 -14 ൽ ചെലവഴിച്ചത് 9 കോടി രൂപയാണ്. 2015 മുതൽ 2020 വരെ 2 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം മുതൽ ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം ഇറിഗേഷൻ വകുപ്പിനാണ്.
തോടിന്റെ തമ്പാനൂർ ഭാഗം ഉൾപ്പെടെ വൃത്തിയാക്കി കോൺക്രീറ്റ് ബോക്സ് കൾവെർട്ട് ഉപയോഗിച്ച് ഉപരിതലം പാതയായി ഉപയോഗിക്കുന്ന വിധത്തിൽ നിർമ്മിക്കുന്ന പദ്ധതി തിരുവനന്തപുരം റോ‌ഡ് ഡവലപ്പ്മെന്റ് കമ്പനി 2007ലും 2012ലും സർക്കാരിന് സമർപ്പിച്ചിരുന്നു. മാലിന്യം തമ്പാനൂർ ഭാഗത്തേക്ക് ഒഴുകിയെത്തുന്നത് പൂർണമായും തടയുന്ന പദ്ധതിക്ക് പക്ഷെ പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകിയില്ല.
പിന്നീട് അത്തരത്തിലൊരു പദ്ധതിയും ആമയിഴഞ്ചാൻ തോടിനു വേണ്ടി ഉണ്ടായില്ല. മാലിന്യം നീക്കുന്നതിനായി വർഷാവർഷം കോടികൾ ചെലവഴിക്കുക മാത്രമാണ് ഉണ്ടായത്. കോൺക്രീറ്റ് ബോക്സ് കൾവെർട്ട് ഉപയോഗിച്ച് എങ്ങനെ തോടിന്റെ ഒഴുക്ക് തടസപ്പെടുത്താതെ മാലിന്യം കൊണ്ടു നിറയാതെ റോഡിന്റെ വീതി കൂട്ടാമെന്ന് പിന്നീട് ടി.ആർ.ഡി.സി.എൽ വഞ്ചിയൂരിലും പനവിളിയിലും തെളിയിച്ചു. ഉപ്പിടാംമൂട് പാലം മുതൽ കോടതിക്കു മുൻവശം വരെയുള്ള റോ‌ഡിനു ഇന്നു കാണുന്നു വീതിയുണ്ടായത് അങ്ങനെയാണ്.

തമ്പാനൂർ, തകരപറമ്പ്, പഴവങ്ങാടി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ തോടിലെ ഒഴുക്ക് സുഗമമാക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പദ്ധതി രണ്ടു തവണയും ഉദ്യോഗസ്ഥരും ഒരു വിഭാഗം രാഷ്ട്രീയക്കാരും എതിർത്ത് ഇല്ലാതാക്കുകയായിരുന്നു.

 2007ൽ ഏഴ് കോടി രൂപയും അടുത്ത തവണ 13 കോടി രൂപയുമാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കിയാലും മാലിന്യം ഒഴുകിയെത്തുമെന്നായിരുന്നു എതിർത്തവർ പറഞ്ഞ വാദം. പത്തു കൊല്ലം മാലിന്യമില്ലാതെ സംരക്ഷിക്കാനാകുമെന്നും ഇതിനുവേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും വിശദീകരിച്ചിട്ടും പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പഴവങ്ങാടി ഭാഗത്തെ വ്യാപാരികളുടെ പുനരധിവാസത്തിനുള്ള പദ്ധതിയുടെ രൂപരേഖ ഉൾപ്പെടെയാണ് അന്ന് ടി.ആർ.ഡി.സി.എൽ കൈമാറിയിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *