കൊല്ലം∙ തങ്കശ്ശേരിയിൽ പ്രവർത്തിക്കാതെ കിടന്ന 2 ഫിഷ് ലാൻഡിങ് സെന്റർ കൂടി പ്രവർത്തനം ആരംഭിക്കുന്നു. തങ്കശ്ശേരി, മൂതാക്കര എന്നിവിടങ്ങളിലെ ലാൻഡിങ് സെന്റർ ആണ് പ്രവർത്തനം തുടങ്ങുന്നത്. കൊല്ലം തീരത്ത് ഇതര ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾ കൂടി എത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ദീർഘകാലമായി പ്രവർത്തിക്കാതെ കിടക്കുന്നതിനാൽ ഇവിടെ കഴുകി വൃത്തിയാക്കുന്നതിനു വെള്ളം, കുഴൽക്കിണർ, ജല സംഭരണി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നു. ഇവ ലഭ്യമാക്കി. കലക്ടർ എൻ.ദേവദാസിന്റെ അധ്യക്ഷതയിൽ 3 യോഗങ്ങൾ നടത്തി.
വിവിധ വകുപ്പുകളുടെ 8 യോഗങ്ങളും നടത്തിയാണ് 2 ഫിഷ് ലാൻഡിങ് സെന്റർ കൂടി പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. കൊല്ലത്തുള്ള ആയിരത്തോളം വള്ളങ്ങൾക്കു പുറമേ ഇതര ജില്ലകളിൽ നിന്നുള്ള അറുനൂറോളം വള്ളങ്ങളും ഇവിടെ മത്സ്യ ബന്ധനം നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി മത്സ്യബന്ധനം നടത്തുന്നവർക്കും പ്രകാശമേറിയ ലൈറ്റ് ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നവർക്കും എതിരെ നടപടി എടുക്കും. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്നു പരിശോധന നടത്തും.