ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ സ്‌കൂള്‍ യൂണിഫോം ഔട്ട്ലെറ്റും റസ്റ്റോറന്റും പൂര്‍ണമായും കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി 11.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മയൂര്‍ വിഹാര്‍ ഫേസ്-2 ന്റെ പോക്കറ്റ്-ബിയില്‍ സ്ഥിതി ചെയ്യുന്ന വാണിജ്യ സമുച്ചയത്തിലാണ് തീ പടര്‍ന്നത്. വിവരം ലഭിച്ചയുടന്‍ ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) ഡിപ്പാര്‍ട്ട്മെന്റ് സംഭവസ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
തീപിടുത്തത്തില്‍ അകപ്പെട്ട പ്രവീണ്‍ പാണ്ഡെ എന്ന 50 വയസ്സുകാരനെ ഡിഎഫ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് ഒരു അഗ്‌നിശമന സേനാംഗത്തിന് പരിക്കേറ്റു. ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘രാത്രി 11:40 ന് ഡല്‍ഹി ഫയര്‍ സര്‍വീസിന് കോള്‍ ലഭിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടര്‍ന്നിരുന്നു. ശരിയായ വായുസഞ്ചാരമില്ലാത്തതിനാല്‍ തീ വേഗത്തില്‍ പടര്‍ന്നു.
ഇവിടെ ഏകദേശം 25-30 കടകളാണ് ഉള്ളത്. കോംപ്ലക്സിലും 12-15 കടകളിലും പടര്‍ന്ന തീ നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ എസ് കെ ദുവ പറഞ്ഞു.