“സാറ് ആ വെളുത്ത കാറിൽ തന്നെല്ലേ എന്നും പരീക്ഷാ ഡ്യൂട്ടിക്ക് വരുന്നത് ?” നീറ്റ് പരീക്ഷ, കോപ്പിയടി, ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയവയുടെ വാർത്തകൾ പത്രങ്ങളിൽ വായിച്ചപ്പോൾ കഴിഞ്ഞ വാർഷിക പരീക്ഷക്കാലത്തെ, ഒരു വിദ്യാർഥിയുടെ ഈ ചോദ്യമാണ് എന്റെ മനസ്സിലോടിയെത്തിയത്.
കുറെയേറെ പ്രൈവറ്റ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നതുകൊണ്ട് ഹാളിൽ വ്യാപകമായ കോപ്പിയടി നടക്കാൻ സാധ്യതയുണ്ട്. എല്ലാവരും ജാഗരൂകരാകണം എന്ന ചീഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സിലെ വിദ്യാർഥികളെ ഒന്ന് മെരുക്കിയിരുത്താൻ നോക്കിയ സമയത്ത് ഒരു പ്ലസ്ടുക്കാരനിൽനിന്നാണ് ഈ ചോദ്യമുയർന്നത്. 
കോപ്പിയടിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തുകളയും എന്നതായിരുന്നു അവന്റെ വാചകത്തിലെ ധ്വനി. രാത്രി ഉറക്കമൊഴിച്ചിരുന്ന് ഉത്തരമെഴുതിയ ചെറിയ പേപ്പറുകൾ വസ്ത്രത്തിലും അരയിലുമൊക്കെ തിരുകി വന്നിരുന്നത് വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ ഔട്ട് ഓഫ് ഫാഷൻ ആയിരിക്കുന്നു. ആധുനിക സൗകര്യങ്ങളാണ് ഇപ്പോൾ കോപ്പിയടിക്ക് അവർ ഉപയോഗിക്കുന്നത്. 
ഫോട്ടോസ്റ്റാറ്റ് കടയിൽനിന്നും കുഞ്ഞുറുമ്പിന്റെ വലുപ്പമുള്ള ചെറിയ അക്ഷരങ്ങളിൽ മൈക്രോ ഫോട്ടോസ്റ്റാറ്റ് എടുത്ത തുണ്ടുപേപ്പറാണ് വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നത്. അത് ദേഹത്ത് വെച്ചെന്നു വരില്ല. അതിനും ന്യൂജൻ മാർഗങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ട്. 
മൈക്രോ ഫോട്ടോസ്റ്റാറ്റ് പേപ്പർ കഷ്ണങ്ങൾ ഡസ്‌കിനടിയിൽ ച്യുയിംഗം വെച്ച് ഒട്ടിച്ചുവെക്കലാണ് പുതിയ രീതി. കോപ്പിയടിയുടെ ലക്ഷണം മണത്ത് അധ്യാപകർ, വിദ്യാർഥികളുടെ പരീക്ഷാപേപ്പർ എടുത്ത് കുടഞ്ഞുനോക്കാൻ ചെല്ലുമ്പോഴേക്കും, ഒരു മാജിക്കുകാരന്റെ കൈവഴക്കത്തോടെ അവർ അത് ഡസ്‌ക്കിനടിലെ ച്യുയിംഗത്തിൽ ഒട്ടിച്ചുകഴിഞ്ഞിരിക്കും. 
അവൻ ഇരിക്കുന്ന ഡസ്‌ക്കിന്റെ അടിയിൽനിന്നും ഒട്ടിച്ച നിലയിൽ പേപ്പർ കഷ്ണങ്ങൾ കൈയോടെ പിടിച്ചാൽതന്നെ അവൻ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ കൈമലർത്തും. പിടിച്ച് റിപ്പോർട്ട് ചെയ്താൽ വന്നേക്കാവുന്ന പൊല്ലാപ്പുകൾ ഓർത്ത് അധ്യാപകർ തുണ്ട് പിടിച്ചെടുത്ത് നശിപ്പിക്കലിലും താക്കീതിലും നടപടി ഒതുക്കും. 
അധ്യാപകർ ഈ പേപ്പർ പിടിച്ചെടുത്തില്ലെങ്കിൽ, ആവശ്യമെങ്കിൽ സേ പരീക്ഷക്കും ഇതുതന്നെ ഉപയോഗിക്കുന്നവരുമുണ്ടത്രെ ഇവർക്കിടയിൽ ! ഒരു വെടിക്ക് രണ്ടു പക്ഷി ! 
പെൺകുട്ടികൾ എവിടെനിന്നൊക്കെയാണ് കോപ്പിയടുക്കാനുള്ള കടലാസുകൾ എടുക്കുന്നതെന്നും അവ ഒളിപ്പിക്കുന്നതെന്നും അറിയൽ അത്ര എളുപ്പമല്ല. ആൺ അധ്യാപകരാണെങ്കിൽ വല്ലാതെ പരിശോധിക്കാൻ മെനക്കെടില്ല എന്ന ധൈര്യത്തിൽ നന്നായി കോപ്പിയടിക്കുന്നവരും അപൂർവമായുണ്ട്.
ഇനിയെങ്ങാനും കോപ്പിയടി പിടിച്ച് റിപ്പോർട്ട് ചെയ്താൽ, കായികമായി ഉപദ്രവിക്കൽ, വാഹനത്തിന് കേടുവരുത്തൽ, തെറിവിളിക്കൽ, ബാലാവകാശ കമ്മീഷന് പരാതി നൽകൽ മുതൽ, ആത്മഹത്യാ ഭീഷണി, പോക്‌സോ കേസിൽ പെടുത്തൽവരെ അധ്യാപകർക്ക് പ്രതീക്ഷിക്കാം. 
കടമകളെക്കാളേറെ തങ്ങളുടെ അവകാശങ്ങളെ നന്നായി പഠിച്ചുവച്ചിരിക്കുന്ന വിദ്യാർഥികൾക്ക് കുഴലൂത്തുകാരായി ചില മാധ്യമങ്ങളും രക്ഷിതാക്കളുമുണ്ട് എന്നതാണ് ഏറെ സങ്കടകരം. അതുകൊണ്ട് തന്നെ അധ്യാപകർ കൂടുതൽ നിസ്സഹായകരാകുന്നു. 
സ്‌കൂളിന്റെ വിജയശതമാനം വർധിപ്പിക്കാനും റിസൽട്ട് 100% നിലനിർത്താനുമായി കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന ചുരുക്കം ചില അധ്യാപകരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. വിജയത്തിലേക്ക്  കോപ്പിയടിയിലൂടെ കുറുക്കുവഴി തേടുന്നവർ സമൂഹത്തോട് വലിയ പാതകന്മാണ് ചെയ്യുന്നത്. 
കോപ്പിയടിച്ച് നേടുന്ന ഒരു സർട്ടിഫിക്കറ്റിനും യഥാർഥ മൂല്യം ഉണ്ടാകില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളെ ബോധ്യപ്പെടുത്തണം. ഒപ്പം, പരീക്ഷക്കിടയിൽ നടക്കുന്ന ദുഷ്പ്രവണതകളെ തടയാൻ നിയമം കൂടുതൽ കർശനമാക്കുകയും വേണം.
-സലാം സുറുമ എടത്തനാട്ടുകര

By admin

Leave a Reply

Your email address will not be published. Required fields are marked *