കോട്ടയം: കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടു ചെയ്ത ബി.ഡി.ജെ.എസ്. അംഗം ആശാ ബിനുവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി മനു പള്ളിക്കത്തോട് അറിയിച്ചു. 
കൂരോപ്പട പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്നു യു.ഡി.എഫ് പിടിച്ചെടുക്കാന്‍ കാരണമായത് ആശ യു.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ്. പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള എല്‍.ഡി.എഫായിരുന്നു ഭരിച്ചിരുന്നത്. ഇതിനിടെ സി.പി.എമ്മിലെ ഷീലാ ചെറിയാന്‍ രാജി വച്ചതിനെത്തുടര്‍ന്നാണു പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
പ്രിസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍ നിന്ന് അമ്പിളി മാത്യുവും എല്‍.ഡി.എഫില്‍ നിന്ന് ദീപ്തി ദിലീപും മത്സരിച്ചു. എല്‍.ഡി.എഫ്- 7, യു.ഡി.എഫ് -6, ബി.ജെ.പി -3, ബി.ഡി.ജെ.എസ് -ഒന്ന് എന്നിങ്ങനെയാണു പഞ്ചായത്തിലെ കക്ഷിനില. 
വോട്ടെടുപ്പില്‍ യു.ഡി.എഫില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അമ്പിളി മാത്യുവിനു ആശ വോട്ട് ചെയ്തതോടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും എഴു വോട്ടുകള്‍ വീതം ലഭിച്ചു. ബി.ജെ.പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തതോടെ വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിക്കുകയും യു.ഡി.എഫിന് നറുക്കു വീഴുകയുമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *