തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി തെരച്ചില്‍ തുടരുന്നു. ജോയിക്കായി അതിസാഹസിക ദൗത്യവുമായി എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ സംഘം രംഗത്തുണ്ട്.
കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്നുവെന്ന് ദൗത്യ സംഘത്തിലെ അംഗങ്ങൾ വ്യക്തമാക്കുന്നു. പാറപോലെ മാലിന്യങ്ങൾ ഉറച്ചു കിടക്കുകയാണ്.
അത് വകഞ്ഞുമാറ്റി തല പൊക്കാൻ പറ്റുന്നില്ല. 40 മീറ്ററിൽ കൂടുതൽ പോയി. ജോയി വീണ സ്ഥലത്തുവരെ ഇന്നും ദൗത്യ സംഘമെത്തിയെന്ന് സ്‌കൂബാ ടീം അംഗം സുജയൻ പ്രതികരിച്ചു.
രക്ഷാദൗത്യം 22 മണിക്കൂർ പിന്നിടുകയാണ്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിച്ചിരുന്നു. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തെരച്ചിൽ ഇന്ന് രാവിലെത്തേക്ക് മാറ്റിയത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്.