ഡല്‍ഹി: വീട്ടില്‍ തനിച്ചായ യുവതിയെ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത് അയല്‍വാസി. സംഭവത്തില്‍ മനംനൊന്ത് ബാത്ത്‌റൂം ക്ലീനര്‍ കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം.
അയല്‍വാസി ബലാത്സംഗം ചെയ്തതതിന് പിന്നാലെ 20 കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ബാത്ത്റൂം ക്ലീനര്‍ കഴിച്ചതിനെ തുടര്‍ന്ന് കനൗജിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്ത്രീയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. ഒരു വനിതാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ (ഡിഎസ്പി) നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.
താടിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെ ജൂലൈ 9 ചൊവ്വാഴ്ച വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ അയല്‍വാസി ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറയുന്നു.
സമൂഹത്തിലെ വിമർശനങ്ങൾ ഭയന്ന് ജൂലൈ 10 ന് യുവതി ടോയ്‌ലറ്റ് ക്ലീനർ കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിപ്പെട്ട ഉടനെ കുടുംബാംഗങ്ങൾ, കനൗജിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, നിലവിൽ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും പോലീസ് പറയുന്നു.