റാസ തിളങ്ങി! ഇന്ത്യക്കെതിരെ നാലാം ടി20യില്‍ സിംബാബ്‌വെക്ക് ഭേദപ്പെട്ട സ്‌കോര്‍; ഖലീലിന് രണ്ട് വിക്കറ്റെടുത്തു
ഹരാരെ: സിംബാബ്‌വെക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് 153 റണ്‍സ് വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 46 റണ്‍സെടുത്തു. 32 റണ്‍സെടുത്ത തദിവനഷെ മറുമാനിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഏഴ് വിക്കറ്റുകള്‍ സിംബാബ്‌വെക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. രവി ബിഷ്‌ണോയി ഒഴികെ ഇന്ത്യക്ക് വേണ്ടി പന്തെടുത്ത എല്ലാവര്‍ക്കും ഓരോ വിക്കറ്റുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആവേഷ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെ ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമായിരുന്നിരുന്നു ഇന്ന്.
ഭേദപ്പെട്ട തുടക്കമാണ് സിംബാബ്‌വെക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വെസ്ലി മധവേരെ (25) – മറുമാനി സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ ശിവം ദുബെയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാമതെത്തിയ ബ്രയാന്‍ ബെന്നറ്റ് (9), ശേഷമെത്തിയ ജോണ്‍താന്‍ കാംപെല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ മറുമാനി, ഡിയോണ്‍ മയേഴ്‌സ് (12) എന്നിവരും മടങ്ങി. എന്നാല്‍ റാസയുടെ പോരാട്ടം 150 കടക്കാന്‍ സഹായിച്ചു. 28 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ക്ലൈവ് മദാന്തെ (7) അവസാന പന്തില്‍ പുറത്തായി. ഫറസ് അക്രം (4) പുറത്താവാതെ നിന്നു.
സിംബാബ്വെ പ്ലേയിംഗ് ഇലവന്‍: വെസ്ലി മധേവെരെ, തടിവനഷെ മറുമണി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്സ്, സിക്കന്ദര്‍ റാസ(സി), ജോനാഥന്‍ കാംബെല്‍, ഫറാസ് അക്രം, ക്ലൈവ് മദാന്‍ഡ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസാറബാനി, ടെന്‍ഡായി ചതാര.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (ഡബ്ല്യു), റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.