പറവൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഘണ്ടാകര്‍ണന്‍ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധര(63)നാണ് ഭാര്യ വനജയെ (58) കൊന്ന് ജീവനൊടുക്കിയത്.വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയ മകള്‍ ദിവ്യ ശനിയാഴ്ച രാവിലെ ഫോണ്‍ ചെയ്‌തെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു. അയല്‍വാസിയെത്തി നോക്കിയപ്പോഴാണ് സംഭവമറിയുന്നത്.
വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിയായ വിദ്യാധരന്‍ താമസിച്ചിരുന്ന വീട് വിറ്റശേഷം രണ്ടര വര്‍ഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തില്‍ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെത്തുടര്‍ന്ന് മാനസികമായ പ്രശ്‌നങ്ങള്‍ വനജയ്ക്കുണ്ടായിരുന്നു. ഇതിനാല്‍ ദമ്പതികള്‍ക്കിടയില്‍ വഴക്ക്പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയും ഇരുവരും തമ്മിലുണ്ടായ വഴക്കാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ദിവ്യ ഇവര്‍ക്കൊപ്പമായിരുന്നു താമസം. കുറച്ചുമാസം മുമ്പാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് ദിവ്യയും മകളും താമസം മാറ്റിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച.ദീപയാണ് മറ്റൊരു മകള്‍. മരുമക്കള്‍: ചിഞ്ചുലാല്‍ (ഗള്‍ഫ്), രാജേന്ദ്രനാഥ വൈദ്യര്‍ (സിവില്‍ സൂപ്പര്‍വൈസര്‍).