ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഗാസ നഗരത്തിലുണ്ടായ ആക്രമണത്തില്‍ 70 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ കരുതിക്കൂട്ടി നടത്തിയ കൂട്ടക്കൊലയാണ് ഇതെന്നാണ് ഹമാസിന്‍റെ ആരോപണം.
കിഴക്കന്‍ ഗാസ നഗരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് പലസ്‌തീനികളോട് നഗരത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പോകാന്‍ സൈന്യം ആവശ്യപ്പെടുകയും അവിടെ എത്തിയ ഇവരുടെ നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നുവെന്ന് ഹമാസ് മാധ്യമ ഓഫിസ് മേധാവി ഇസ്‌മയില്‍ അല്‍ താവാബ്‌ത ആരോപിച്ചു.
ടെല്‍ അല്‍ ഹവ മേഖലയില്‍ നിന്ന് എഴുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 50 പേരെ കാണാനില്ലെന്നും അദ്ദേഹം അറിയിച്ചു.
തങ്ങള്‍ പോരാളികളല്ലെന്നും അഭയം തേടി എത്തിയവരാണെന്നും വെള്ള പതാകയേന്തിയ ഇവര്‍ ഇസ്രയേല്‍ സൈന്യത്തോട് പറഞ്ഞെങ്കിലും സൈന്യം അവരെ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു എന്നും അല്‍ തവാബ്‌ത പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ഐക്യരാഷ്‌ട്രസഭ വക്താവ് സ്റ്റീഫന്‍ ദുജാരിക് അപലപിച്ചു. 
സാധാരണക്കാരുടെ ജീവനെടുത്ത മറ്റൊരു ദാരുണ സംഭവമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ സംഭവം ഇനിയും ജീവനുകള്‍ നഷ്‌ടമാകാനും കൂടുതല്‍ പേരെ പലായനം ചെയ്യാനും നിര്‍ബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടത്തണമെന്ന് ഐക്യരാഷ്‌ട്രസഭ ആഹ്വാനം ചെയ്‌തു. സംഘര്‍ഷത്തിനിടെ തടവിലാക്കിയവരെ ഉപാധികളില്ലാതെ വിട്ടയടക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *