തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് 7 മണിക്കൂർ പിന്നിടുന്നു. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
മാലിന്യം പൂർണമായി നീക്കാൻ ഇനിയും 5 മണിക്കൂർ വേണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്കൂബാ ഡൈവിങ് സംഘവും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്.
തോട് വൃത്തിയാക്കുന്നതിനിടെ ശതമായ വെള്ളം വരികയും ജോയി ഒഴുകിപ്പോവുകയുമായിരുന്നു. റെയിൽവേ പ്ലാറ്റ് ഫോമിലെ മാൻഹോളുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാറ്റ് ഫോമിൽ നിന്ന് ട്രെയിനുകൾ മാറ്റിയാണ് പരിശോധന നടക്കുന്നത്.
തോട്ടിലെ ടണലിൽ 30 മീറ്ററോളം സ്കൂബാ ഡൈവിങ് സംഘം പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ജെസിബി അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ച് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളാണ് നിലവിൽ തുടരുന്നത്.