ഗുവാഹത്തി: ഏഴ് പേര് കൂടി മരിച്ചതോടെ അസമിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. എഎസ്ഡിഎംഎയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്ത് 7 പേര് കൂടി മരിച്ചിട്ടുണ്ട്.
‘ഗോള്‍പാറ ജില്ലയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു, നാഗോണ്‍, ജോര്‍ഹട്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 90 ആയി ഉയര്‍ന്നു,’ എഎസ്ഡിഎംഎയുടെ പ്രളയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ വെള്ളപ്പൊക്കത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും 24 ജില്ലകളിലായി 12.33 ലക്ഷത്തിലധികം ആളുകളെ ഇപ്പോഴും പ്രളയം ബാധിച്ചിട്ടുണ്ട്.
75 റവന്യൂ വില്ലേജുകള്‍ക്ക് കീഴിലുള്ള 2406 വില്ലേജുകളും 32924.32 ഹെക്ടര്‍ കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കച്ചാര്‍, ധുബ്രി, നാഗോണ്‍, കാംരൂപ്, ദിബ്രുഗഡ്, ഗോലാഘട്ട്, നാല്‍ബാരി, ബര്‍പേട്ട, ധേമാജി, ശിവസാഗര്‍, ഗോള്‍പാറ, ജോര്‍ഹട്ട്, മോറിഗാവ്, ലഖിംപൂര്‍, കരിംഗഞ്ച്, ദരാംഗ്, മജൂലി, ബിശ്വനാഥ്, ഹൈലകണ്ടി, ബോംഗൈഗാവ്, സൗത്ത് സല്‍മാര, കാം ടി സാല്‍മര, ചിരാംഗ് എന്നിവയാണ് പ്രളയ ബാധിത ജില്ലകള്‍.