പത്രങ്ങൾക്ക് ആയുസ്സ് എത്ര ? ഒന്നാം നിര പത്രങ്ങള്‍ക്കാണെങ്കില്‍ ഏറിയാൽ ഇനി പത്ത് വർഷമെന്ന് വിദഗ്ധർ. ചെറുകിട പത്രങ്ങൾക്ക് ഇത്രത്തോളം പോലും ആയുസ് പ്രവചിക്കുന്നുമില്ല, മൂന്നോ നാലോ വര്‍ഷം കൂടി. പല ചെറുകിട മാധ്യമങ്ങളും ഇപ്പോള്‍ തന്നെ അടച്ചു പൂട്ടലിൻ്റെ വക്കാലാണു താനും. ഇതു പത്രങ്ങളുടെ മാത്രം കാര്യമല്ല. അച്ചടി മാധ്യമങ്ങളുടെ എല്ലാം കാര്യമാണ്.
പൂട്ടിയതിനൊക്കുമേ പ്രവര്‍ത്തനം !  

മധ്യകേരളത്തില്‍ 14 പ്രസിദ്ധീകരണങ്ങള്‍വരെ ഉണ്ടായിരുന്ന മാധ്യമ ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ ഇറങ്ങുന്നത് പത്രം മാത്രം ! മലയാളത്തില്‍ ഏറ്റവും അധികം കോപ്പികള്‍ പ്രിന്‍റ് ചെയ്തു ചരിത്രം കുറിച്ച വാരിക ഈ ഗ്രൂപ്പിന്‍റേത് ആയിരുന്നു. അതുപോലും നിര്‍ത്തി. പത്രമാണെങ്കില്‍ ഏതു സമയത്തും പൂട്ടപ്പെടാം. അത്ര ദയനീയമാണ് ആ പത്രത്തിൻ്റെ സ്ഥിതി. ജീവക്കാർക്ക് ശമ്പളമില്ല. ഒന്നിനും പണമില്ല. ജീവനക്കാരുടെ പി.എഫ് പോലും നാലോ അഞ്ചോ വര്‍ഷങ്ങളായി കുടിശിഖയാണെന്നതാണ് ഏറ്റവും ഗുരുതരം. എന്നിട്ടും അത് നടത്തിക്കൊണ്ടു പോകുന്നു. 

ഒരു പത്രം കൈയ്യിലിരിക്കുന്നത് മാനേജ്മെൻ്റിന് അഭിമാന പ്രശ്നമായതിനാലാണത്രെ പത്രത്തിന് പൂട്ടിടാത്തത്. പത്രത്തിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ആ വലിയ കെട്ടിടം ഇന്ന് ജീർണതയിലാണ്. ശ്മശാന മൂകമാണ് അവിടം. ജീവനക്കാരെല്ലാം പിരിഞ്ഞു പോയി. എഡിറ്റോറിയൽ വിഭാഗത്തിൽ മാത്രമാണ് ഏതാനും ജീവനക്കാർ അവശേഷിക്കുന്നത്. മാനേജ്മെൻറിലെ കടുത്ത ഭിന്നത കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
അപകടം മണത്ത് ഒന്നാം നമ്പറും 
കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള മുത്തശ്ശി പത്രത്തിലും അപകടം മണത്തിട്ടുണ്ട്. കോപ്പി 22 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി കുറഞ്ഞതായ കണക്കുകള്‍ അവര്‍ തന്നെ എബിസിക്കു നല്‍കിയതാണ്. എബിസി കണക്കുകള്‍ക്കും ഏറെ പിന്നിലാണ് യഥാര്‍ത്ഥ കണക്കുകള്‍. അത് 10 ലക്ഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.  ദിവസവും ഏജൻറുമാർ പത്രത്തിൻ്റെ കോപ്പി കുറയ്ക്കുന്നു. നേരത്തെ കോപ്പി കുറയ്ക്കാൻ ഏജൻ്റുമാർ ആവശ്യപ്പെട്ടാലും സർക്കുലേഷൻ വിഭാഗം അതനുവദിക്കുമായിരുന്നില്ല. 
രണ്ടോ മൂന്നോ വർഷം മാത്രം മുൻപുള്ള കഥയാണിത്. ഇന്നിപ്പോൾ പത്രം കുറയ്ക്കാനാവശ്യപ്പെട്ടിട്ട് ചെയ്തില്ലെങ്കിൽ ഏജൻറുമാർ പണി നിർത്തും. അതാണ് പേടി. ഏജൻ്റുമാരും വൻ പ്രതിസന്ധിയിലാണ് – പത്രവിതരണത്തിന് പിള്ളേരെ കിട്ടാനില്ല. വെളുപ്പാൻ കാലത്തുള്ള ഈ പണിക്ക് വരാൻ പിള്ളേർക്ക് മടിയാണ്. 
എല്ലാവരും വിദേശത്തേയ്ക്ക് കയറിപ്പോകുകയാണ്. അല്ലെങ്കിലും പഠനം താറുമാറാക്കിയുള്ള പത്രവിതരണത്തിനു വിടാൻ രക്ഷിതാക്കൾക്കും മടിയാണ്. അതിനു തക്ക പ്രതിഫലവുമില്ല. ഏജൻറ് എവിടെ നിന്നെടുത്ത് കൊടുക്കും ? അയാൾ ജീവിക്കുന്നതു തന്നെ കഷ്ടിയാണ്. പിള്ളേരെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ ഏജൻ്റുമാർ തന്നെ വിതരണത്തിൻ്റെ സിംഹഭാഗവും നിർവഹിക്കുകയാണ്. രാവിലെ ഇരു ചക്രവാഹനത്തിൽ നിർത്താതെയുള്ള ഓട്ടം.

ഇതൊക്കെയാണെങ്കിലും മുത്തശി പത്രത്തിന്‍റെ കമ്പനിയിലും ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നത് പത്രം മാത്രം. വനിതാ പ്രസിദ്ധീകരണവും കുട്ടികള്‍ക്കുള്ള  പ്രസിദ്ധീകരണവും എല്ലാം നഷ്ടത്തിൽ. എട്ടു ലക്ഷം വരെ പ്രചാരം ഉണ്ടായിരുന്ന വനിതാ പ്രസിദ്ധീകരണത്തിന് ഇപ്പോൾ കോപ്പി ഒന്നര ലക്ഷത്തിൽ താഴെ ! അതും ദിവസേനയെന്നോണം കൊഴിയുകയാണ്. 

അവരുടെ ബാല പ്രസിദ്ധീകരണങ്ങൾ പൂട്ടാതെ പിടിച്ചു നിൽക്കുന്നുവെന്നു മാത്രം. ഇവരുടെ അഭിമാനമായിരുന്ന ഇംഗ്ലീഷ് വാരിക ഇന്നാർക്കും വേണ്ട. ന്യൂഡൽഹിയിൽ ഒരു വിലയുണ്ടാകാനും കൊച്ചിയിലെ മുതലാളിയുടെ വില ‘പോകാതിരിക്കാനും അതു നടത്തിക്കൊണ്ടു പോകുന്നുവെന്നു മാത്രം. നടത്തിപ്പു ചെലവ് നന്നേ കുറവായതിനാൽ കർഷക പ്രസിദ്ധീകരണവും ആഴ്ചപ്പതിപ്പും കാണിക്കുന്നത് നേരീയ ലാഭമാണ്. 
ഇവരുടെ ടെലിവിഷൻ്റെ നഷ്ടവും കൂടുന്നതല്ലാതെ കുറയുന്നില്ല. പരസ്യ വരുമാനം ഉള്ളതിനാലാണ് പത്രം പിടിച്ചു നിൽക്കുന്നത്. ഇതൊക്കെയാണെങ്കിലും മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കുന്നത് ഈ മുതശ്ശിപത്രം മാത്രം.
രണ്ടാമനും സ്ഥിതി മോശം
കേരളത്തിലെ രണ്ടാം പത്രത്തിന്‍റെ കാര്യം ഇതിലും ഗതികേടിലാണ്. പത്രത്തിൻ്റെ കോപ്പി ഇടിഞ്ഞ് ഒരക്കത്തിലായി. പത്രത്തിൽ പേജുകൾ കുറച്ചു. കോട്ടയം എഡിഷനിലാകട്ടെ എല്ലാ പേജിലും കളറും ഉണ്ടായിരുന്നില്ല. കോട്ടയത്തു കളർ പ്രസ് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 

പക്ഷേ ഒരു വർഷത്തോളമായി കോട്ടയം പത്രം അച്ചടിക്കുന്നുപോലും കൊച്ചിയിൽ. അതിനാൽ വൈകി കിട്ടുന്ന വാർത്തകൾ ചേർക്കാനും പറ്റുന്നില്ല. ഇവരുടെ സ്പോർട്സ് മാസിക നിർത്തി. സാഹിത്യകാരന്മാരുടെ നിലനിൽപ്പു മാനിച്ച് ആഴ്ചപ്പതിപ്പ് നടത്തിക്കൊണ്ടു പോകുന്നുവെന്നു മാത്രം.

ചെറുകിടകാര്‍ക്ക് രക്ഷയില്ല 
ഒരുകാലത്ത് തലസ്ഥാനത്തിന്റെ നാവായിരുന്ന പത്രത്തിനും ഇത് ഗതികേടിൻ്റെ കാലമാണ്. പത്രം അച്ചടിച്ച് ഇറക്കുന്നുവെന്നു മാത്രം. പത്രം പ്രതീക്ഷയ്ക്കൊത്ത് ഉയരാതായതോടെ അതിൻ്റെ നട്ടെല്ലായിരുന്ന സമുദായവും അതിനെ കൈവിട്ടു. 
പത്രം പിന്താങ്ങിയിരുന്ന രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പത്രങ്ങളിലേക്കും നീങ്ങി. ഒരു കാലത്ത് സാഹിത്യ രംഗത്ത് തിളങ്ങി നിന്നിരുന്ന ഇവരുടെ വാരിക ഇന്നാർക്കും വേണ്ട.
തല്‍ക്കാലം കരകയറി ആദ്യ മൂത്തശ്ശി പത്രം 
ഇതൊക്കെയാണെങ്കിലും ഒരു കാലത്ത് തകർന്നടിഞ്ഞിരുന്ന മലയാളത്തിലെ ആദ്യ ദിനപ്പത്രത്തിന് ഇപ്പോൾ ശുഭ നാളുകളാണ്. അത് എത്ര കാലം എന്നു പ്രവചിക്കുക വയ്യ. പത്രത്തിൻ്റെ കോപ്പി കൂടിയതുകൊണ്ടല്ല ഇത്. ഇപ്പോഴുള്ള മാനേജ്മെൻ്റിലെ മികവാണ് കാരണം. കമഴ്ന്നു വീണാൽ കാൽപ്പണം കൊണ്ടേ അവർ പൊങ്ങൂ. പരസ്യവും കൂടി. 
എല്ലാം കുടിയായപ്പോൾ പത്രത്തിന് ശമ്പളം കൊടുക്കാൻ ഇപ്പോൾ ഒരു ക്ലേശവുമില്ല. മലബാറുകാരായ പുതിയ വൈദികരുടെ കൈപ്പിടിയിലാണ് ഇപ്പോൾ പത്രം.
 
നേരത്തെ ഇതൊന്നുമായിരുന്നില്ല കഥ.  പണ്ട് ഒരു സമുദായത്തിന്‍റെ ജിഹ്വയായിരുന്നു ഈ പത്രം. ഈ വിഭാഗത്തിൻ്റെ അഭിപ്രായമറിയാൽ ഇ എം എസിനെപ്പോലെയുള്ളവർ പോലും ഈ പത്രം വായിച്ചിരുന്നു. പത്രത്തിന് നിലപാട് ഇല്ലാതായത് അത് കമ്പനിയായതോടെയാണ്. അതിനെ നയിക്കാൻ പുറത്തു നിന്നു വന്നവരുടെ കണ്ണ് തങ്ങളുടെ കീശ നിറയ്ക്കലിൽ ആയിരുന്നു. ആദ്യ എംഡി അതിനു തുടക്കം കുറിച്ചു. എന്തെല്ലാം നാടകങ്ങൾ പിന്നീട് ഈ സ്ഥാപനത്തില്‍ അരങ്ങേറി.(തുടരും).

By admin

Leave a Reply

Your email address will not be published. Required fields are marked *