റാമല്ല: പലസ്തീനില്‍ ഇസ്രായേല്‍ ക്രൂരത തുടരുന്നു. വെസ്റ്റ് ബാങ്കില്‍ 14 വയസുള്ള പലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസന്‍ അലി റബായ എന്ന കുട്ടിയെയാണ് പലസ്തീന്‍ ഗ്രാമമായ മൈതാലൂനിനടുത്ത് കൊലപ്പെടുത്തിയത്. കവചിത സൈനിക വാഹനത്തിലെത്തിയ ഇസ്രായേല്‍ സേന 20 മീറ്റര്‍ അടുത്ത് നിന്നാണ് അലിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പലസ്തീന്‍ ഘടകം (ഡിസിഐപി) അറിയിച്ചു. കക്ഷത്തില്‍ വെടിയേറ്റ കുട്ടി മൂന്ന് മീറ്ററോളം ഓടിയ ശേഷം പിടഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നും നിരവധി റൗണ്ട് വെടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന 13 കാരനടക്കം അഞ്ചുപേര്‍ക്ക് നെഞ്ചിലും കാലുകള്‍ക്കും ഗുരുതര പരുക്കേറ്റു.
അലി ഹസന്‍ അലി റബായ മരണവെപ്രാളത്തില്‍ പിടക്കുമ്പോഴും ഇസ്രായേല്‍ സേന അഞ്ച് മിനിട്ടോളം വെടിവെയ്പ് തുടര്‍ന്നു. സൈനിക വാഹനങ്ങള്‍ പിന്‍മാറിയ ശേഷമാണ് കുട്ടിയെ പരിസരവാസികള്‍ക്ക് ആശുപത്രിയിലേക്ക് എത്തിക്കാനായത്. തുബാസിലെ തുര്‍ക്കി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു.
‘കുട്ടികള്‍ക്ക് നേരെ രണ്ടാമതൊന്ന് ചിന്തിക്കുക കൂടി ചെയ്യാതെയാണ് ഇസ്രായേല്‍ സേന വെടിയുതിര്‍ത്തത്. 14 വയസുള്ള അലിയെ കൊല്ലുകയും മറ്റ് അഞ്ച് പലസ്തീന്‍ കുട്ടികള്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു’- ഡിസിഐപി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയരക്ടര്‍ അയ്ദ് അബു ഇഖ്‌തൈഷ് പറഞ്ഞു. പലസ്തീനി കുട്ടികള്‍ക്ക് നേരെ എന്ത് അതിക്രമം പ്രവര്‍ത്തിച്ചാലും ഒരു കുഴപ്പവുമില്ല എന്ന മനോഭാവമാണ് ഇതിന് കാരണം. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ വ്യവസ്ഥിതിയാണ് വെടിവെച്ച് കൊല്ലാന്‍ ഇസ്രായേല്‍ സേനക്ക് ധൈര്യം നല്‍കുന്നത്. ഇതിന് ഉത്തരവാദികളായ ഇസ്രായേല്‍ അധികാരികള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ യുദ്ധം ആരംഭിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രം ഇതിനകം 138 പലസ്തീന്‍ കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. 2023ല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയും കുടിയേറ്റക്കാരും ചേര്‍ന്ന് 121 പലസ്തീന്‍ കുട്ടികളെ കൊന്നൊടുക്കിയതായയും ഡിസിഐപി റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം ജീവന് ഭീഷണിയോ ഗുരുതരമായ പരുക്കോ സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികള്‍ക്കെതിരായ ബലപ്രയോഗം നടത്താന്‍ പാടുള്ളൂ. എന്നാല്‍, ഇസ്രയേലി സൈന്യം പലസ്തീന്‍ കുട്ടികള്‍ക്കുനേരെ കാരണമൊന്നുമില്ലാതെ നിരന്തരം കൊലപാതകവും ആക്രമണവും അഴിച്ചുവിടുകയാണെന്ന് ഡിസിഐപി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *