മലപ്പുറം: ദുര്‍മരണങ്ങള്‍ക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകര്‍മ്മങ്ങള്‍ക്കിടെ 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എടക്കര സ്വദേശി പി ബി ഷിജുവിനാണ് (36) മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരിയുടെ കുടുംബത്തില്‍ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങള്‍ക്ക് നിര്‍ബന്ധമായും പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. 2023 മെയ് 30ന് പൂജ ചെയ്യാനെത്തിയ പ്രതി വീടിന്റെ ഡൈനിങ് ഹാളില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പൂജാകര്‍മ്മങ്ങള്‍ക്കിടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി നിര്‍ത്തിയായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാല്‍ പൂജ കൊണ്ട് ഫലം ലഭിക്കില്ലെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി ഫോണ്‍ വഴി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ എട്ടിന് കുട്ടിയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എടവണ്ണ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വി വിജയരാജന്‍ ആണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു, 13 രേഖകളും ഹാജരാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *