കൈവ്: കൈവിലെ പ്രധാന കുട്ടികളുടെ ആശുപത്രിയില്‍ മിസൈല്‍ ആക്രമണം. റഷ്യ നടത്തിയ ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ 41 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നാല് മാസത്തിനിടെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച ഉണ്ടായത്. ഈ ആക്രമണത്തില്‍ കീവിലെ കുട്ടികളുടെ ആശുപത്രിയായ ഓഖ്മത്യാദിന് കനത്ത നാശമുണ്ടായി.
ഇത് രോഗവുമായി മല്ലടിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വലിയ വിഷമ വൃത്തത്തിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഒക്സാന ഹലാക് തന്റെ രണ്ടു വയസുള്ള മകന്‍ ദിമിത്രിയോസിന് കടുത്ത അര്‍ബുദമാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മകനെ യൂറോപ്പിലെ ഏറ്റവും മികച്ച ആശുപത്രിയായ ഓഖ് മത്യാദില്‍ ചികിത്സിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരമെമ്പാടും സൈറണുകള്‍ മുഴങ്ങുമ്പോള്‍ ഒക്സാനയും മകനും ആശുപത്രിക്കുള്ളിലായിരുന്നു.
ആ സമയത്ത് കുട്ടിയുടെ ഞരമ്പ് വഴി മരുന്നുകള്‍ കയറിക്കൊണ്ടിരിക്കുകയുമായിരുന്നു. ഇവ ഇടയ്ക്ക് വച്ച് നിര്‍ത്താനും സാധ്യമല്ല. അത് കൊണ്ട് തന്നെ ഈ അമ്മയ്ക്കും മകനും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ സാധിക്കുമായിരുന്നില്ല.
ആദ്യ പൊട്ടിത്തെറിക്ക് ശേഷം നഴ്സിന്റെ സഹായത്തോടെ ഇവര്‍ ജനാലകളില്ലാത്ത മറ്റൊരു മുറിയിലേക്ക് മാറി. ഇത് കുറച്ച് കൂടി സുരക്ഷിതമായിരുന്നു. ഉടന്‍ തന്നെ അതിശക്തമായ ഒരു സ്ഫോടനമുണ്ടായതായി അനുഭവപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. മുറിയാകെ കുലുങ്ങുന്നതായി തോന്നി. ലൈറ്റുകള്‍ മുഴുവന്‍ അണഞ്ഞു. എല്ലാം കഴിഞ്ഞെന്ന് തോന്നി.
പിന്നീട് തങ്ങളെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ഇവിടെ ദിമിത്രിയോ അടക്കം 31അര്‍ബുദ രോഗികളുണ്ട്. ഇവര്‍ കൂടിയെത്തിയതോടെ ഇവിടുത്തെ അര്‍ബുദ രോഗികളുടെ എണ്ണം ഇരട്ടിയായി.