മലപ്പുറം: ദുര്‍മരണങ്ങള്‍ക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകര്‍മങ്ങള്‍ക്കിടെ 16കാരിയെ പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
എടക്കര സ്വദേശി പി.ബി. ഷിജു(36)വിനാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരിയുടെ കുടുംബത്തില്‍ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങള്‍ക്ക് നിര്‍ബന്ധമായും പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്.
2023 മെയ് 30ന് പൂജ ചെയ്യാനെത്തിയ പ്രതി വീടിന്റെ ഡൈനിങ് ഹാളില്‍വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൂജാകര്‍മങ്ങള്‍ക്കിടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി നിര്‍ത്തിയായിരുന്നു പീഡനം. സംഭവം പുറത്തു പറഞ്ഞാല്‍ പൂജ കൊണ്ട് ഫലമുണ്ടാകില്ലെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
എന്നാല്‍, സ്‌കൂളിലെത്തിയ കുട്ടി ഫോണിലൂടെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പേലീസില്‍ പരാതി നല്‍കുകയായിരുന്നു. എടവണ്ണ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വി. വിജയരാജനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കി.