മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റല്‍ ഇടപാടുസംവിധാനമായ യു.പി.ഐ.യില്‍ വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈന്‍ നടപ്പാക്കാന്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറെടുക്കുകയാണ്. വരുന്ന ആഴ്ചകളില്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കും. അതേസമയം, ബാങ്കുകള്‍ക്ക് ഇതു നടപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സേവനം വിപണിയിലെത്താന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരും.
ഉപഭോക്താക്കള്‍ക്ക് അധികച്ചെലവില്ലാതെ ബാങ്കുനല്‍കുന്ന തത്സമയവായ്പാ സംവിധാനത്തില്‍നിന്ന് വ്യാപാരികള്‍ക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ നിശ്ചിതകാലാവധിയില്‍ ബില്‍ സമയക്രമമുണ്ടാകും. ഈ കാലയളവില്‍ പലിശയുണ്ടാകില്ല. നിര്‍ദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാല്‍ മതി.
തിരിച്ചടവു വൈകിയാല്‍ പലിശ നല്‍കേണ്ടിവരും. ക്രെഡിറ്റ് കാര്‍ഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയില്‍നിന്ന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പോലെ ഇന്റര്‍ചേഞ്ച് ഫീസ് ബാങ്കുകള്‍ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കുമിതെന്നാണ് സൂചന. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കും ഫീസിനത്തില്‍ ചെറിയതുക വരുമാനമായി ലഭിക്കും. ഇക്കാര്യത്തില്‍ എന്‍.പി.സി.ഐ. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വ്യാപാരികള്‍ക്കുള്ള ഇടപാടുകള്‍ മാത്രമായിരിക്കും ഇതില്‍ സാധ്യമാകുക. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാകില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *