കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലാ വിസിയുടെ ചുമതല ഡോ. പി. രവീന്ദ്രന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡോ. എം.കെ. ജയരാജ് വിരമിക്കുന്ന ഒഴിവിലാണ് കാലിക്കട്ട് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറും മുന്‍ സയന്‍സ് ഡീനുമായ ഡോ. പി. രവീന്ദ്രന് ചുമതല നല്‍കിയത്.
കാലിക്കട്ട് സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മൂന്ന് പ്രഫസര്‍മാരുടെ പാനല്‍ നല്‍കിയിരുന്നു. കാലിക്കട്ട് സര്‍വകലാശാല ഫിസിക്‌സ് പ്രഫസര്‍ ഡോ. പ്രദ്യുമ്‌നന്‍, കേരള സര്‍വകലാശാല ഹിന്ദി പ്രഫസര്‍ ഡോ. ജയചന്ദ്രന്‍, ഇംഗ്ലീഷ് പ്രഫസര്‍ ഡോ. മീനാപിള്ള എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ പാനലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
സര്‍വകലാശാല വിസി നിയമനങ്ങളില്‍ മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഇടപെടല്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് പാനല്‍ സമര്‍പ്പിച്ചത്. ഇത് തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ നടപടി.