കൊടുങ്ങല്ലൂർ: കടലിൽ പോയ വള്ളങ്ങൾക്ക് ചെമ്മീൻ കൊയ്ത്ത്.അഴീക്കോട്, കാര, കാര തട്ടുംകടവ്, ലോറിക്കടവ്, ആറ്റുപുറം എന്നിവിടങ്ങളിൽ നിന്നു പോയ ചെറുവള്ളങ്ങൾക്കും മൂടുവെട്ടി വള്ളങ്ങൾക്കും ചെമ്മീൻ ലഭിച്ചു. പൂവാലൻ ചെമ്മീൻ ആണ് അധികവും.
കിലോഗ്രാമിന് 300 രൂപ മുതൽ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന് ഇന്നലെ കടപ്പുറത്ത് ലഭിച്ചത് 90 മുതൽ 125 രൂപ വരെയാണ്. വലിയ ഇനം ചെമ്മീനു പോലും കിലോഗ്രാമിന് 315 രൂപയാണ് ലഭിച്ചത്. പൂവാലൻ ചെമ്മീനും വേളൂരിയുമാണ് കൂടുതലും ലഭിച്ചത്.
അഴീക്കോട് നിന്നു പോയ ഇൻബോർഡ് എൻജിൻ, ഡപ്പ വള്ളങ്ങൾക്കും ചെമ്മീൻ ലഭിച്ചു. മാസങ്ങളായി നിശ്ചലമായിരുന്ന മത്സ്യമേഖലയിൽ ഉണർവ് പ്രകടമായിട്ടുണ്ട്. ഏറെ നാളുകൾക്കു ശേഷമാണു വള്ളങ്ങൾക്കു മത്സ്യം ലഭിക്കുന്നത്.