ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ നാവ് പിഴവുകളാല്‍ വിവാദത്തിലായ പ്രസിഡന്‍റ് ജോ ബൈഡനെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആലോചന തുടങ്ങിയതായി സൂചന.

81 കാരനായ ബൈഡന്‍റെ ശാരീരിക, ബൗദ്ധിക അവസ്ഥ വാര്‍ധക്യ സഹജമായ സ്ഥിതിയിലാണെന്നും ബൈഡനുമായി മുന്നോട്ടുപോയാല്‍ പരാജയമായിരിക്കും ഫലമെന്നുമാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. 

ജൂലൈ പകുതിയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി കണ്‍വന്‍ഷന്‍ വിളിച്ചിരിക്കുന്നത് ഓഗസ്റ്റ് 10 -നാണ്.
അതിനുമുമ്പായി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ധാരണ ഉണ്ടാകണം. 81 കാരനായ ബൈഡന് ശാരീരികാവസ്ഥ പോലും നന്നേ പ്രയാസകരമാണെന്ന് ജനങ്ങളും മനസിലാക്കി തുടങ്ങിയിരിക്കുന്നു. അതിനിടയിലാണ് തുടര്‍ച്ചയായി ഓര്‍മപ്പിശക് സംഭവിക്കുന്നത്.

പതിവായി വൈസ് പ്രസിഡന്‍റിന്‍റെ പേര് മാറിപ്പോകുന്നതാണ് പ്രസിഡന്‍റിന്‍റെ ഏറ്റവും പ്രധാന നാവ് പിഴവ്. താന്‍ വൈസ് പ്രസിഡന്‍റായിരുന്ന കാലംപോലും മറന്നാണ് പ്രതികരണം. മൈക് പെന്‍സ് വൈസ് പ്രസിഡന്‍റായിരുന്ന കോവിഡ് കാലത്തെക്കുറിച്ച് ബൈഡന്‍ പറഞ്ഞത് അന്ന് താനായിരുന്നു വൈസ് പ്രസിഡന്‍റ് എന്നാണ്.

കഴിഞ്ഞ ദിവസം നടന്ന 90 മിനിട്ട് ടിവി സംവാദത്തിലും കളം നിറഞ്ഞത് ട്രംപായിരുന്നു. ബൈഡന് പലതും പറയാനും പറഞ്ഞത് വ്യക്തമായി അവതരിപ്പിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ബൈഡന് പകരം ആര് എന്ന ചര്‍ച്ച ഡെമോക്രാറ്റുകള്‍ക്കിടയില്‍ അരംഭിച്ചു കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *