ഇഷ്ടക്കാർക്ക് ഇഷ്ടം പോലെ! സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി
തിരുവനന്തപുരം : സി-ഡിറ്റ് ഡയറക്ടറായ ജി.ജയരാജിന് സർക്കാർ ഉത്തരവിന് വിരുദ്ധമായി സർവീസ് കാലാവധി നീട്ടി നൽകി. ഡയറക്ടറുടെ പ്രവർത്തന മികവ് പരിശോധിച്ചു വേണം കാലാവധി നീട്ടി നൽകേണ്ടതെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ പ്രവർത്തന മികവൊന്നും പരിശോധിക്കാതെയാണ് രണ്ടാമത്തെ പ്രാവശ്യവും കാലാവധി നീട്ടി നൽകി.
ജി.ജയരാജൻെറ ഡയറക്ടർ നിയമനം തുടക്കം മുതൽ വിവാദത്തിലാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമയുടെ ഭർത്താവായ ജി.ജയരാജിൻ സി-ഡിറ്റ് രജിസ്ട്രാർ ആയി വിമരിച്ച ശേഷവും കാലാവധി നീട്ടി നൽകി. ഇടതുസംഘടന വരെ രംഗത്തെത്തിയിട്ടും സർക്കാർ അനങ്ങിയില്ല. ഈ കാലായളവിൽ ഐഎഎസുമാർ മാത്രം വഹിച്ചിരുന്ന സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത ജയരാജൻ തന്നെ തിരുത്തിയെഴുതി പുതിയ ശുപാർശ സമർപ്പിച്ചു. സ്വന്തം യോഗ്യതകളനുസരിച്ചായിരുന്നു ഡയറക്ടർ നിയമനം നേടാൻ പുതിയ ശുപാർശ തയ്യാറാക്കിയത്. ഈ ശുപാർശ സർക്കാർ അംഗീകരിക്കുകയും ചെയ്തു.
അങ്ങനെ പുതിയ യോഗ്യതകൾ അനുസരിച്ച് ഡയറക്ടറാകാൻ സർക്കാരിൻെറ കണ്ണിൽ വീണ്ടും ജി. ജയരാജൻ യോഗ്യനായി. പക്ഷെ ജയരാജന് നൽകിയ നിയമനം ഹൈക്കോടതി സിംഗിൽ ബഞ്ച് റദ്ദാക്കി. ഡിവിഷൻ ബഞ്ച് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ ജയരാജൻ വീണ്ടും ഡയറക്ടറായി.
ഡയറക്ടറുടെ നിയമന ഉത്തരവിൽ സർക്കാർ പറയുന്ന കാര്യം ഇങ്ങനെയാണ് രണ്ടു വർഷം കാലാവധി കഴിഞ്ഞ് സർവ്വീസ് നീട്ടി നൽകുന്നതിന് മുമ്പ് ആ ഉദ്യോഗസ്ഥൻെറ പ്രവർത്തനമികവ് പരിശോധിക്കണം. പ്രവർത്തന മികവിൻെറ അടിസ്ഥാനത്തിലാകണം കാലാവധി നീട്ടി നൽകേണ്ടത്. രണ്ട് വർഷം ഡയക്ടർ തസ്തികയിലിരുന്ന ജയരാജിൻെറ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകി സർക്കാർ ഇന്നലെ ഇറക്കിയ ഈ ഉത്തരവിൽ പ്രവർത്തന മികവ് പരിശോധിച്ച കാര്യം പറയുന്നില്ല. പ്രവർത്തന മികവ് പരിശോധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഐടി വകുപ്പിനും മറുപടിയില്ല. സേവനകാലാവധി നീട്ടണമെന്ന രജിസ്ട്രാറുടെ കത്തിൻെറ അടിസ്ഥാനത്തിലാണ് ഒരു വർഷം നീട്ടി നൽകിയിരിക്കുന്നത്. സിപിഎം നേതാവിൻെറ ബന്ധുവിന് വേണ്ടി വീണ്ടും ചട്ടങ്ങൾ മറികടന്നുള്ള ഉത്തരവിറങ്ങിയെന്ന ആരോപണമാണ് ശക്തമാകുന്നത്.