മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന് മട്ടന്നൂര്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് ഫര്‍സീന്‍ മജീദ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. മുന്‍പ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നും ഫര്‍സീന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ സിനിമാ ഡയലോഗുകളും ബി.ജി.എമ്മും ചേര്‍ത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഫര്‍സീന്‍ മജീദ് വയനാട് ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ശക്തമാക്കിയത്. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്നാണ് കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *