Malayalam Poem:  വാതില്‍ തുറന്നുപോയ അയാള്‍, ഷനില്‍ എഴുതിയ കവിത

Malayalam Poem: വാതില്‍ തുറന്നുപോയ അയാള്‍, ഷനില്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem:  വാതില്‍ തുറന്നുപോയ അയാള്‍, ഷനില്‍ എഴുതിയ കവിത

വാതില്‍ തുറന്നുപോയ
അയാള്‍

കാറ്റുകള്‍ ഇനിയും ഇളകി തുടങ്ങിയിട്ടില്ല 
ചിന്തകളുടെ ഭാരത്താല്‍ വെയില്‍ പരന്നിട്ടുമില്ല 
എന്നിട്ടും
അടച്ചിട്ട ഒരു ഞായറില്‍
രഘു മരണപ്പെടുന്നു 

ഞങ്ങളാരും 
ഉണര്‍ന്നിട്ടുപോലുമില്ല,
നിറങ്ങള്‍ എവിടെയും
പടര്‍ന്നിട്ടുമില്ല,
നിശബ്ദത
ചുറ്റിവരിഞ്ഞ്
ഒരു ചീന്തലൊച്ച
പോലുമില്ല,
തമ്മില്‍ തമ്മില്‍
നോട്ടങ്ങളെത്താന്‍
പാതിരാവെട്ടങ്ങളില്ല

അയാള്‍
മരണപ്പെട്ടതിലേക്ക് 
ആ 
ദിവസത്തിന്റെ
മുഴുവന്‍
വേദനയും
മാറുകയാണ്

എണ്ണിയാല്‍ തീരാത്ത
തിരക്കുകള്‍ക്കും മീതെ
കലങ്ങിയ
ആകാശത്തിന്റെ
പശ്ചാത്തലം
ഉരഞ്ഞൊരഞ്ഞ്
രാവേറെയായ
അടച്ചിട്ട മുറികള്‍,
കണ്ണുകളടച്ച്
ഒടുക്കത്തെ അലക്ഷ്യതയിലേക്ക്
നോക്കി
ചുവരില്‍
ഒരു ചിത്രം

മറക്കാനാവാത്ത 
അടുപ്പത്താല്‍
അയാള്‍
ബാക്കിവെച്ച പകലിനും
രാത്രിക്കുമിടയിലെ
അതീവ
ജാഗ്രതയില്‍
വീട് 

ഉപേക്ഷിക്കപ്പെട്ടവരുടെ
കരച്ചില്‍
ചുറ്റും
പകച്ചു നില്‍പ്പുണ്ട്.
അയാളഴിച്ചിട്ടതൊക്കെയും
അലമാരയുടെ ഒരു കോണില്‍
വിശ്രമിക്കുന്നുണ്ട്.

അതുവരെയും
അയാളായതൊക്കെ മാഞ്ഞുപോയവീട്, 
അപ്പോള്‍ വികാരങ്ങളുടെ
ഒരു മ്യൂസിയമായി

നിര്‍വികാരരായ 
ചിലര്‍ ചുറ്റിലും പരന്നു

ആവിഷ്‌കരിക്കാന്‍
കഴിയാത്ത വേദന
കണ്ണുകളില്‍

പൂവിട്ടു നില്‍ക്കുന്ന
ചെടികളില്‍
മരണം
പതുക്കെ പതുക്കെ
പടര്‍ന്നു.

അവസാനത്തെ
നിമിഷങ്ങള്‍ക്കൊപ്പം
അയാളിലൊളിപ്പിച്ചുവെച്ച
നക്ഷത്രങ്ങളൊക്കെയും
വാതില്‍
തുറന്നു പോയി
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin