തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താത്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍ഗോട്ട് 18 ബാച്ചുകളുമാണ് അനുവദിച്ചത്. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 
പൊതുവിദ്യാലയങ്ങള്‍ക്ക് മാത്രമാണ് താത്കാലിക ബാച്ച് അനുവദിച്ചത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് അധിക ബാച്ച് അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. 
മലപ്പുറം ജില്ലയില്‍ 24 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍ഗോഡ് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്. മലപ്പുറത്ത് കൊമേഴ്‌സിന് 61 ബാച്ചുകളും ഹ്യുമാനിറ്റീസ് 59 ബാച്ചുകളുമാണ് അനുവദിക്കപ്പെട്ടത്. കാസര്‍ഗോട്ട് 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യുമാനിറ്റീസ് ബാച്ചും ഒരു സയന്‍സ് ബാച്ചുമാണ് അനുവദിച്ചത്.
സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചു. താത്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് ഈ നടപടി പരിഹാരമാകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *