കണ്ണൂർ: പിഎസ്‍സി കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാർട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. അന്വേഷണം നടത്തി ആരോപണത്തിൽ വ്യക്തത വരുത്തണം. പാർട്ടി നടപടികളോട് സഹകരിക്കും. തന്നോട് ചോദിച്ചാൽ എല്ലാം പാർട്ടിയോട് പറയുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.
പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ് വിശദീകരണം നൽകിയത്. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
സിപിഎം നേതൃത്വത്തെയാകെ വെട്ടിലാക്കിയ കോഴ ആരോപണം വെറും മാധ്യമസൃഷ്ടി എന്ന് നേതാക്കൾ പറഞ്ഞു ഒഴിയുമ്പോഴും പാർട്ടി നടപടികൾ തുടരുകയാണ്. കഴിഞ്ഞദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം പ്രമോദ് കോട്ടൂളിയോട് വിവാദത്തിൽ വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ രേഖാമൂലം വിശദീകരണം തേടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോദ് ഇന്ന് നേതൃത്വത്തിന് വിശദീകരണം നൽകിയത്.
തന്റെ ഭാഗത്തെ പിഴവില്ലെന്ന് നേതൃത്വത്തെ അറിയിച്ച പ്രമോദ് വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചതായാണ് വിവരം. ഇന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിലും തന്‍റെ നിരപരാധിത്വം ആവര്‍ത്തിക്കാനായിരുന്നു പ്രമോദ് ശ്രമിച്ചത്.
അതേസമയം, തട്ടിപ്പ് ശ്രമം പുറത്തു വന്ന സാഹചര്യത്തില്‍ പ്രമോദിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ശനിയാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതിനിടെ, കോഴയായി വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചു കിട്ടിയ സാഹചര്യത്തിൽ പരാതി ഇല്ലെന്ന് തട്ടിപ്പിനിരയായ വനിത ഡോക്ടറുടെ കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്.
കോഴ ആരോപണം നിയമസഭയിൽ അടക്കം എത്തിയ സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗംവിവരങ്ങൾ ശേഖരിച്ചപ്പോഴും ഇവർ ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്.പാർട്ടി നേതൃത്വത്തിന് നൽകിയ പരാതി ഇവർ പുറത്ത് പറയില്ല എന്ന ഉറപ്പ് കിട്ടിയതിനെ തുടർന്നായിരുന്നു സിപിഎം സിപിഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇത്തരമൊരു പരാതിയെ ഇല്ല എന്ന പരസ്യ നിലപാടെടുത്തത്.