വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സ തേടുകയാണെന്ന വാര്‍ത്തകള്‍ തള്ളി വൈറ്റ് ഹൗസ്. പ്രസിഡന്റ് പാര്‍ക്കിന്‍സണ്‍സിന് ചികിത്സിച്ചിട്ടില്ലെന്നും മരുന്ന് കഴിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റും മൂവ്മെന്റ് ഡിസോര്‍ഡേഴ്‌സ് സ്‌പെഷ്യലിസ്റ്റുമായ ഡോ. കെവിന്‍ കാനാര്‍ഡ് ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ എട്ട് തവണ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് കാനാര്‍ഡ് ഗവേഷണം നടത്തിയിട്ടുണ്ട്.
രോഗാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളെ തുടന്ന് നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ബൈഡന്‍ യോഗ്യനല്ലെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ പരസ്യ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ബൈഡന്‍ ചികിത്സ തേടിയിട്ടില്ലെന്ന് ജീന്‍ പിയറി പറയുമ്പോഴും, സന്ദര്‍ശനത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ ഏവരുടേയും സ്വകാര്യതയെ മാനിക്കുന്നുവെന്നാണ് ഇതിന് വിശദീകരണമായി ഇവര്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപിനെതിരായി ജൂണ്‍ 27 ന് നടന്ന സംവാദത്തില്‍ ബൈഡന്‍ ദുര്‍ബലനായി കാണപ്പെട്ടതിന് പിന്നാലെ പ്രസിഡന്റിന് കാര്യമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *