Malayalam Short Story : ശിവാനി ശേഖര്‍ എഴുതിയ അഞ്ച് കുറുങ്കഥകള്‍

Malayalam Short Story : ശിവാനി ശേഖര്‍ എഴുതിയ അഞ്ച് കുറുങ്കഥകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Malayalam Short Story : ശിവാനി ശേഖര്‍ എഴുതിയ അഞ്ച് കുറുങ്കഥകള്‍

ചങ്ങല

കാണുന്നവര്‍ പറയും, ഭാഗ്യവതി! നല്ല വീട്. സൗകര്യങ്ങള്‍. നല്ല ഭക്ഷണം. നല്ല വസ്ത്രങ്ങള്‍. സ്‌നേഹമുള്ള ഭര്‍ത്താവ്. സ്‌നേഹമുള്ള മക്കള്‍.  

ഭര്‍ത്താവും പറയും, ‘നിനക്കെന്തിന്റെയെങ്കിലും കുറവുണ്ടോ ഇവിടെ. 
മക്കളും പറയും, ‘അമ്മയ്‌ക്കെന്തിന്റെ കുഴപ്പമാ! 
കൂട്ടുകാരും പറയും ‘നല്ല സെറ്റപ്പിലാണല്ലോ’

അപ്പോഴൊക്കെ അവളുടെ കാലിലെ ചങ്ങല കിലുങ്ങും, അവളുടെ ഇഷ്ടങ്ങളെ പൂട്ടിയിട്ട ചങ്ങല !

കുടുംബചിത്രം 

അന്നും വഴക്കായിരുന്നു. ഗംഭീരവഴക്ക്. പൊട്ടുന്ന ഗ്ലാസ്സുകള്‍. ഉടയുന്ന കണ്ണാടികള്‍. ചിതറുന്ന ചില്ലുകള്‍. 
നടുക്കുന്ന ഒച്ചകള്‍. 

കൊടുങ്കാറ്റടങ്ങി. അയാള്‍ ഷിവാസെടുത്തു മോന്തി. പുകയൂതി പുറന്തള്ളി. അവര്‍ തുള്ളിയുറഞ്ഞു പുറത്തേയ്ക്കു പോയി. മകള്‍, പണ്ടേ ഹോസ്റ്റലിലാണല്ലോ!

അനന്തരം അവര്‍ പിരിഞ്ഞു. അയാള്‍  പതിവുപോലെ ഷിവാസ് മോന്തി. അവര്‍ സുഹൃത്തിനൊപ്പം 
ചേക്കേറി. മകള്‍  പണ്ടേ ഹോസ്റ്റലിലാണല്ലോ!

അനാഥമായ വീടിന്റെ വെളുത്തചുമരില്‍ ഒരു കുടുംബചിത്രം ഒറ്റയാണിയില്‍ തൂങ്ങിയാടി. 

മുറിഞ്ഞൊരുത്തരം

ട്രെയിനില്‍ വച്ചാണ് അവനെ കണ്ടത്. കൂടെ ഇറ്റലിക്കാരി കാമുകിയും!

പരിചയപ്പെട്ടു. യു.കെയില്‍ പഠനവും ജോലിയും. ഗേള്‍ഫ്രണ്ടിനെ ഇന്ത്യ കാണിക്കാന്‍ വന്നതാണ്.

എത്രദിവസമായി വന്നിട്ട്? വെറുതെയൊരു ചോദ്യം !

ഒരുമാസമായെന്നുത്തരം.

വീട്ടിലൊക്കെ പോയോ?

‘ഇത്തവണയില്ല, മേ ബി ഇനി വരുമ്പോള്‍.’ 

മുറിഞ്ഞൊരുത്തരം. എന്റെ മാതൃഹൃദയം വരഞ്ഞുകീറി!

തിരക്ക് 

‘അവനെ ഒന്നൂടെയൊന്ന് വിളിച്ചുനോക്ക് മോളേ’ -അമ്മ ദുര്‍ബലമായ ശബ്ദത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു .
‘കുറച്ചുകൂടി കഴിയട്ടമ്മേ’എന്ന് മോളും പറഞ്ഞുകൊണ്ടേയിരുന്നു. 

എത്രവട്ടം വിളിച്ചു! എത്ര മെസേജുകള്‍! 

എപ്പോഴോ ഒന്നോ രണ്ടോ വട്ടം റിപ്ലൈ വന്നു. ‘തിരക്കാടീ ഞാന്‍ വിളിക്കാം’

ഇന്നും വിളിച്ചു, അമ്മ മരിച്ചതു പറയാന്‍. 

കുറേവട്ടം വിളിച്ചതുകൊണ്ടാവണം വേഗം റിപ്ലൈ വന്നു, ‘തിരക്കാടീ ഞാന്‍ വിളിക്കാം’

താലി

മകന്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതും നോക്കി അയാള്‍ നിന്നു. 

ആളുകള്‍ ചുറ്റിനുമുണ്ട്. ഇടയിലാരോ പറഞ്ഞു, സിന്ദൂരം തൊടുവിക്കാന്‍. ഒപ്പം താലിമാലയും കൈയില്‍ കൊടുത്തു. ആശുപത്രിയിലായിരുന്നപ്പോള്‍ ഊരിവെച്ചതാണ്.

അയാള്‍ മെല്ലെകുനിഞ്ഞ് അവളുടെ തല തെല്ലൊന്നുയര്‍ത്തി താലിമാല കഴുത്തിലേക്ക് ഇട്ടുകൊടുത്തു. അപ്പോഴയാള്‍ക്ക് പണ്ട് ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ അവളെ താലിയണിച്ചതോര്‍മ്മ വന്നു. സിന്ദൂരവും! 

നെഞ്ചിലൊരു നിലവിളി കുടുങ്ങിയത് അയാളൊരു ചുമയിലൊതുക്കി പുറത്തേക്കിറങ്ങി. ഇത്തിരി ശ്വാസം കിട്ടാനെന്നോണം!
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin