സഞ്ജുവിന്റെ സിംബാബ്‌വെയിലേക്കുള്ള വരവ് ഇന്ത്യക്ക് തലവേദനയാകുമോ? സാധ്യതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍
ഹരാരെ: ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍ റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ സിംബാബ്വെന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവും ഡഗ്ഔട്ടിലുണ്ടായിരുന്നു. മാത്രമല്ല, ഇന്ന് പരിശീലനം നടത്തുകയും ചെയ്തു. ലോകകപ്പിന് പിന്നാലെ നേരെ ഇന്ത്യയിലേക്കാണ് സഞ്ജു എത്തിയത്. ജേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് സഞ്ജു സിംബാബ്‌വെയിലേക്ക് തിരിച്ചത്.
സഞ്ജു ഉള്‍പ്പെടെ മൂന്ന് പേര്‍ വരുമ്പോള്‍ എവിടെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ആശങ്ക. സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നുള്ള ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്. ഇതിനിടെ ടീമിനൊപ്പം ചേര്‍ന്ന താരങ്ങളെ കുറിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സംസാരിച്ചു. രണ്ടാം മത്സരത്തിലെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗില്‍. ‘ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍. അപ്പോഴേക്കും ധാരാളം ഓപ്ഷനുകളുണ്ടാവും. കൂടുതല്‍ സാധ്യതകളുള്ളത് എല്ലായ്‌പ്പോഴും നല്ലതാണ്.” ഗില്‍ പറഞ്ഞു.
മത്സരത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ… ”വിജത്തിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്കവാദും മനോഹരമായി കളിച്ചു. പ്രത്യേകിച്ച് പവര്‍പ്ലേയില്‍. കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. യുവതാരങ്ങളാണ് ടീമില്‍. മിക്കവരും അന്താരാഷ്ട്ര മത്സരങ്ങളില്‍ ആദ്യം. സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്.” ഗില്‍ വ്യക്തമാക്കി.
ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ സായ് സുദര്‍ശന് രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഓപ്പണറോ മൂന്നാം നമ്പറിലോ ഇറങ്ങാറുള്ള സായ് സുദര്‍ശനെ അഞ്ചാമതായാണ് രണ്ടാം ടി20യില്‍ ഇറക്കാനിരുന്നിരുന്നത്. ഹര്‍ഷിത് റാണക്കും ജിതേഷ് ശര്‍മക്കും ആദ്യ രണ്ട് കളികളിലും പ്ലേയിംഗ് ഇലവനിലെത്താനായില്ല. ജിതേഷ് ശര്‍മക്ക് പകരം ധ്രുവ് ജുറെല്‍ ആണ് ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കാത്തത്.