ഡെറാഡൂൺ: രാഹുലിൻറെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ലെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ. അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാട്ടിയുള്ള രാഹുലിൻറെ വിമർശനം. “രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു, ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്” വിവാദത്തോട് പ്രതികരിച്ച സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിൻറെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശരിയല്ലെന്നും ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുൽ ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഹിന്ദു മതം അക്രമരാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നിൽക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഹുലിൻറെ പ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്കാണ് നയിച്ചത്. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തിൽ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരാമർശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുൽ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുൽ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *