മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍ കാര്‍ ഉടമയായ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. വോര്‍ളിയിലെ ഷിന്‍ഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായാണ് വാഹനം ഓടിച്ചിരുന്നത്. കേസിനോട് അനുബന്ധിച്ചുളള കാര്യങ്ങളില്‍ പൊലീസിനോട് സഹകരിക്കാത്തതിന് തുടര്‍ന്നാണ് നടപടി. ഡ്രൈവര്‍ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടസമയത്ത് മിഹിര്‍ ഷായ്‌ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായതായാണ് പൊലീസ് പറയുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടത്തിന് ശേഷം മിഹിര്‍ തന്റെ പിതാവിനെ വിളിച്ചതായി തെളിവുകളുണ്ട്. അതിന് ശേഷമാണ് മിഹിറിന്റെ ഫോണ്‍ ഓഫായതെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നതായി തെളിഞ്ഞിട്ടുണ്ട്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീവ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കില്‍ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിഹിര്‍ ഷാ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുതിരുന്നു. ബാറില്‍ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിര്‍ ഷാ. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പര്‍ പ്ലേറ്റുകളിലൊന്ന് പറിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷിന്‍ഡെ വിഭാഗത്തിന്റെ സ്റ്റിക്കര്‍ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കാര്‍ തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *