പാലാ: വയ്യാത്ത പട്ടി കയ്യാല കയറരുതെന്നും അതിനു ശ്രമിക്കുകപോലും ചെയ്യരുതെന്നും ഒരു നാട്ടുവര്‍ത്തമാനമുണ്ട്. എങ്കിലും ഇടയ്ക്ക് ശ്രമിച്ചു നോക്കിയാലല്ലേ കയറാന്‍ കഴിയൂ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. അത്തരം ഒരു ശ്രമം കഴിഞ്ഞ ദിവസം പാലായില്‍ കണ്ടു.

സ്ഥലം എംഎല്‍എയ്ക്കെതിരെ ഒരു കട്ടൗട്ട് കുരിശുപള്ളിക്കവലയില്‍ പ്രത്യക്ഷപ്പെടുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ എംഎല്‍എയ്ക്കെതിരെയുള്ള പരാതി കോടതി ശരിവച്ചതോടെ എംഎല്‍എ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു കട്ടൗട്ട്. കോടതി വിധിയൊന്നും വന്നില്ല എന്നിട്ടും ചില വിവരദോഷികള്‍ കട്ടൗട്ട് വച്ചു. ഇത് എംഎല്‍എയുടെ ആസ്ഥാന വിദൂഷകര്‍ക്ക് തീരെ പിടിച്ചില്ല. എന്നാല്‍ പണി കാണിച്ചിട്ടുതന്നെ കാര്യം എന്നവര്‍ തീരുമാനിച്ചു.

ധൈര്യം സംഭരിച്ച് ആളെ കൂട്ടി കട്ടൗട്ട് എടുത്ത് കുരിശുപള്ളി കവലയിലിട്ട് കത്തിക്കാനായിരുന്നു തീരുമാനം. അതിച്ചിരി കട്ടിയായി പോകുമോ എന്ന് കൂടെയുള്ളവര്‍ക്ക് സംശയം. പക്ഷേ അത്യാവശ്യം തൊഴിലാളി നേതാവൊക്കെയായ സമര നായകന്‍ സമ്മതിച്ചില്ല. കത്തിച്ചേ അടങ്ങൂ എന്ന് നായകന്‍.
അതോടെ ഒപ്പമുള്ള നേതാവുതന്നെ സംഭവം ഫ്ലക്സ് വച്ച നേതാവിനെ വിളിച്ചറിയിച്ചു. താന്‍ നിരപരാധിയാണെന്ന് പറയാനും മറന്നില്ല. അഥവാ അടിയോ ഏറോ നടത്തുന്നുണ്ടെങ്കില്‍ തന്നെ ഒഴിവാക്കി ഉന്നം പിടിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

മറുതലയ്ക്കലെ യുവ നേതാവ് അത് സമ്മതിച്ചു. ഉടന്‍ തന്നെ കത്തിക്കലിനെതിരെ ഫ്ലക്സിന്‍റെ ഉടയോന്മാര്‍ സംഘടിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ പത്തിരുപതു പേര്‍ കുരിശുപള്ളി കവലയിലേയ്ക്ക് നീങ്ങി.

ഇതിനോടകം എംഎല്‍എയുടെ വിദൂഷകര്‍ ഫ്ലക്സിനു ചുറ്റും തമ്പടിച്ചിരുന്നു. അപ്പോഴാണ് തേനീച്ചക്കൂട് ഇളകിയതുപോലെ അപ്പുറത്ത് ആരവം ഇവരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പിന്നെ ഒന്നും ചിന്തിച്ചില്ല, പരമാവധി ധൈര്യം സംഭരിച്ച് നാലുപേര്‍ മഹാറാണി ജംഗ്ഷനിലേയ്ക്കും ആറുപേര്‍ ആശുപത്രി ജംഗ്ഷനിലേയ്ക്കും ബാക്കിയുള്ളവര്‍ റിവര്‍വ്യൂ റോഡില്‍കൂടിയും വച്ചു പിടിപ്പിച്ചു. സമരക്കാരെ പൊടിപോലുമില്ല, കണ്ടുപിടിക്കാന്‍. നേതാവാണ് ആദ്യം ഓടിയത്. പിന്നെ ഒന്നുമില്ല, ഫ്ലക്സ് ഇപ്പോഴും അവിടെതന്നെ ഇരിപ്പുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *