കോട്ടയം: വിദ്യാര്‍ഥിനിക്ക് കണ്‍സഷന്‍ നല്‍കുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. കോട്ടയം പാക്കില്‍ സ്വദേശി പ്രദീപ് കുമാറിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്നാണ് ഇയാളെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സെഷന്‍ ആവശ്യപ്പെട്ടതിന് വിദ്യാര്‍ഥിനിയെ് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. പെണ്‍കുട്ടി ബസില്‍ നിന്നിറങ്ങിയ സുഹൃത്തുക്കളെ വിളിച്ചു കൊണ്ടുവന്ന് മര്‍ദിച്ചെന്ന് കണ്ടക്ടര്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ പ്രദീപ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരാതിയെത്തുടര്‍ന്ന് ചിങ്ങനവനം പോലീസ് കേസ് എടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മാളിയേക്കല്‍ കടവ് കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറാണ് പ്രദീപ് കുമാര്‍. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാര്‍ഥി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യപ്പെട്ടെന്നും കണ്ടക്ടര്‍ ആരോപിച്ചു.
പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കി. വിദ്യാര്‍ഥിനിയോട് വളരെ മോശമായി കണ്ടക്ടര്‍ സംസാരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ്പ്രകോപനത്തിന് കാരണമായത്. പ്ലസ് വണ്ണില്‍ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐ.ഡി. കാര്‍ഡും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.