കൊച്ചി: എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിൻ്റെ പരാതി.
പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്.
ബിഡിജെഎസ് ബിജെപിക്കൊപ്പം ചേർന്നതോടെ വെള്ളപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൻെറ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. എന്നാൽ വെള്ളാപ്പള്ളി ഇടത് സർക്കാറിന് അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് അന്വേഷണത്തിൻറെ സ്വഭാവവും മാറിയത്.
 വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാനായും സർക്കാർ നിയമിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും എസ്.എൻ.ഡി.പി യോഗം തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. ഈ കേസിലാണ് അന്വേഷണം വേഗം പൂര്‍ത്തിയാക്കാൻ കോടതി നിര്‍ദ്ദേശം നൽകിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *