കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായകൻ പി. ജയചന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മാധ്യമപ്രവർത്തനും പാട്ടെഴുത്തുകാരനുമായ രവി മേനോൻ. ജയചന്ദ്രന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നത് വാസ്തവം ആണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു കാലമായി പി ജയചന്ദ്രൻ ചികിത്സയിലാണ്. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ജയചന്ദ്രൻ ശ്രമിക്കുന്നുണ്ടെന്നും രവി മേനോൻ വ്യക്തമാക്കി.
രണ്ടു മാസം മുൻപ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിവാസം കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പികയും ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.