തിരുവനന്തപുരം: നിര്‍മിത ബുദ്ധിയുടെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പുരോഗമനത്തിന് ഉപകാരപ്പെടുന്നരീതിയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വരും കാലം നിര്‍മിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളില്‍നിന്ന് അകന്ന് നില്‍ക്കാന്‍ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്.
ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവരെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളില്‍ നടപ്പാക്കേണ്ടത്.
നിര്‍മിത ബുദ്ധി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നല്ല കുട്ടികള്‍ പഠിക്കുന്നത്. എ.ഐയുടെ അടിസ്ഥാന കോഡിംഗ് അവര്‍ പഠിക്കുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ അവര്‍ മനസിലാക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകള്‍ പകര്‍ന്നു നല്‍കുകയും വേണം.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യ പാഠപുസ്തകങ്ങളില്‍ പ്രോഗ്രാമിംഗ് അഭിരുചി വളര്‍ത്തല്‍, യുക്തിചിന്ത എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റം ആദ്യം ഉള്‍ക്കൊള്ളുക കുട്ടികളാണ്. കുട്ടികള്‍ക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.