എടപ്പാളിൽ സീബ്രാ ലൈനിലൂടെ നടന്ന വയോധികനെ കാറിടിച്ചു; തിരുവനന്തപുരത്ത് കാറപകടത്തിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: മലപ്പുറത്തും തിരുവനന്തപുരത്തുമായി നടന്ന രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മലപ്പുറം എടപ്പാൾ അണ്ണക്കമ്പാട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വയോധികനെ കാർ ഇടിച്ചു തെറിപ്പിച്ചാണ് അപകടം. അമിത വേഗത്തിലായിരുന്ന കാറാണ് അണ്ണക്കമ്പാട് സ്വദേശി കൊറ്റിക്കുന്നത് മുണ്ട (77)യെ ഇടിച്ചുതെറിപ്പിച്ചത്. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മുണ്ടയെ മാറ്റി.
തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന അമരവിള സ്വദേശി വിജയനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവച്ചൽ ഭാഗത്തു നിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന വാഹനം ദിശ തെറ്റി റോഡിൽ നിന്നും പത്തടിയോളം താഴ്ചയിലേക്ക് പതിച്ചെന്നാണ് വിവരം..