ഡൽഹി: മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഗർഭിണികളിൽ പരിശോധന നടത്തി ഗർഭ പിണ്ഡത്തിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
പരിസരം ഈഡിസ് കൊതുക് മുക്തമാക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും കേന്ദ്രം നിർദേശം നൽകി.
ജനവാസ മേഖലകൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.