ഐപിഎല്ലില്‍ കൂവിത്തോല്‍പ്പിച്ച വാംഖഡെയില്‍ വീണ്ടും ഹാര്‍ദ്ദിക് ചാന്‍റ്, ഇത് മധുരപ്രതികാരം

മുംബൈ: ഐപിഎല്ലിനിടെ കൂവിത്തോല്‍പ്പിച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വീണ്ടും ഹാര്‍ദ്ദിക് ചാന്‍റ് ഉയര്‍ത്തി ആരാധകര്‍. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണച്ചങ്ങ് കാണാനെത്തിയ ആരാധകരാണ് വാംഖഡെയില്‍ വീണ്ടും ഹാര്‍ദ്ദിക്…ഹാര്‍ദ്ദിക് വിളികള്‍ മുഴക്കിയത്.

ഐപിഎല്ലില്‍ രോഹിത് ശര്‍മക്ക് പകരം ഹാര്‍ദ്ദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ ഹോം മത്സരങ്ങളിലെല്ലാം ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവിയത്. ഹാര്‍ദ്ദിക് ടോസിനായി ഇറങ്ങുമ്പോഴും ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം ആരാധകര്‍ കൂവി. പലപ്പോഴും ആരാധകരുടെ കൂവല്‍ കാരണം അവതാരകര്‍ക്ക് പോലും കൂവല്‍ നിര്‍ത്തണമെന്ന് പറയേണ്ടിവന്നിരുന്നു. എന്നാല്‍ ആരാധകര്‍ കൂവിയപ്പോഴും ചിരിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് അതിനെ നേരിട്ടത്.

മുംബൈയിലെത്തിയ ടീം ഇന്ത്യക്ക് വിമാനത്താവളത്തില്‍ വാട്ടർ സല്യൂട്ട്; മറൈൻ ഡ്രൈവും വാംഖഡെയും ജനസാഗരം

എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നി‍ർണായക പങ്കുവഹിച്ചതോടെ ഹാര്‍ദ്ദിക് വീണ്ടും മുംബൈയുടെ ഹീറോ ആയി. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഹെന്‍റിച്ച് ക്ലാസന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക് ആയിരുന്നു മത്സരത്തിലെ അവസാന ഓവറും എറിഞ്ഞത്. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലറെ ലോംഗ് ഓഫ് ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് ഓടിപ്പിടിച്ചതോടെയാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. അതേ ഓവറില്‍ കാഗിസോ റബാഡയെക്കൂടി പുറത്താക്കിയ ഹാര്‍ദ്ദിക് മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി.കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin