ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് യുക്രെയ്ന് സന്ദര്‍ശനം നടത്തി. ആറു മാസം നീളുന്ന യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് സന്ദര്‍ശനം.2022 ഫെബ്രുവരിയില്‍ റഷ്യ ~യുക്രെയ്ന് യുദ്ധം തുടങ്ങിയ ശേഷം മിക്ക യൂറോപ്യന്‍ രാഷ്ട്ര നേതാക്കളും നേരിട്ടെത്തി യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും, ഓര്ബന് ഇതുവരെ പോയിരുന്നില്ല. യുക്രെയ്ന് ഇത്രയധികം പിന്തുണ യൂറോപ്യന്‍ യൂണിയന് നല്‍കുന്നതിന് ഹംഗറി എതിരുമായിരുന്നു.റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഏറ്റവും അടുത്ത യൂറോപ്യന്‍ സഖ്യകക്ഷിയായാണ് ഓര്ബന് അറിയപ്പെടുന്നത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും യൂറോപ്യന്‍ യൂണിയന്റെ നിരവധി സുപ്രധാന തീരുമാനങ്ങള്‍ തടയുകയും ചെയ്തതായും ഓര്‍ബനെതിരെ ആരോപണം നിലനില്ക്കുന്നു.മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്താനാണ് ഓര്‍ബന്റെ ഇപ്പോഴത്തെ സന്ദര്‍ശനം. റഷ്യ ~യുക്രെയ്ന് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാന് കഴിയുമോയെന്ന കാര്യത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സത്യസന്ധമായി ഇടപെടുമെന്നാണ് ഹംഗറിയുടെ നിലപാട്.