തൃശൂര്‍: തൃശൂരില്‍ ഒല്ലൂരിണ്ടായ വന്‍ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂര്‍ സ്വദേശി ഫാസില്‍ പിടിയില്‍. ഇന്നു പുലര്‍ച്ചെ തൃശൂര്‍ ഡാന്‍സാഫും ഒല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആലുവയിലെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി രണ്ടര കിലോ എം.ഡി.എം.എയാണ് കണ്ടെത്തിയത്. കണ്ടെത്തിയ ലഹരി വസ്തുവിന് മാര്‍ക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരും.
കാറില്‍ മാരക രാസ ലഹരിയായ എം.ഡി.എം.എ. വന്‍തോതില്‍ കടത്തുന്നുവെന്ന് ഡാന്‍സാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് ഒല്ലൂര്‍ പോലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസില്‍ പിടിയിലാകുന്നത്.
ഒല്ലൂരില്‍ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പി.ആര്‍. പടിയില്‍ വച്ചാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് വാഹനം പരിശോധിച്ചതില്‍ നിന്നും എം.ഡി.എം.എ. കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ആലുവയിലെ വീട്ടില്‍ കൂടുതല്‍ എം.ഡി.എം.എ. സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു.
കൊച്ചിയില്‍ നിന്നും തൃശൂരിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസില്‍ പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രതി എം.ഡി.എം.എ. എത്തിക്കുന്നത്. ലഹരി മരുന്നു കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.