പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി, ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ് ആർടിഒ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവർ ആന്റണി തോമസിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പുറകോട്ട് ഓടിച്ചതിനാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ടോള്‍ ഗേറ്റിന് മുന്നിലെത്തിയ ടോറസ് ലോറിയുടെ ഫാസ്റ്റ് ടാഗില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നില്ല. വരി ഒഴിവാക്കി വണ്ടി ഒഴിച്ചിടുന്നതിനായി ലോറി ഡ്രൈവര്‍ അലക്ഷ്യമായി പിന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ടോറസ് ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ല.
ടിപ്പർ ലോറി പിന്നിലേക്ക് എടുത്ത് പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം പിന്നിലേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു.കാർ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് നടപടി.