തിരുവനന്തപുരം: ഭരണപരമായ വീഴ്ചകളുടെയും ജനകീയമല്ലാത്ത പെരുമാറ്റ ശൈലിയുടെയും പേരിൽ വ്യാപകവിമർശനം ഏറ്റുവാങ്ങുന്ന  മേയർ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകാൻ  സി.പി.എം. സ്വന്തം വീഴ്ചകളും നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന ശൈലിയും ഉപേക്ഷിച്ച് സ്വയം തിരുത്താൻ ഒരു അവസരം കൂടി നൽകാനുളള തീരുമാനത്തിൻെറ ഭാഗമായാണ് മേയറെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ലാ നേതൃത്വം ധാരണയിലെത്തിയത്.
പ്രതികരണങ്ങളിൽ മിതത്വം പാലിച്ചും ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും  മാന്യമായി പെരുമാറിയും തിരുത്തണമെന്നാകും ആവശ്യപ്പെടുക. ഭരണത്തിലെ വീഴ്ചകളും മേയറുടെ പ്രവർത്തനശൈലിയെപ്പറ്റിയുളള പരാതികളും അധികാരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലാണ് അടിയന്തിരമായി ഇടപെടാൻ ജില്ലാ നേതൃത്വ തയാറാവുന്നത്.

രണ്ടര പതിറ്റാണ്ടിലേറെയായി തലസ്ഥാനത്തെ നഗരസഭയുടെ ഭരണം എൽ.ഡി.എഫിൻെറ കുത്തകയാണ്. ഈ അധികാര കുത്തക തകരാതിരിക്കുന്നതിലാണ് നേതൃത്വം ശ്രദ്ധ വെയ്ക്കുന്നത്.

വിമർശനങ്ങളുടെ പേരിൽ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ മേയറുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാകുമെന്ന വിലയിരുത്തലും തിരുത്തി മുന്നോട്ടുപോകാമെന്ന തീരുമാനത്തിന് കാരണമായി. എന്നാൽ പാർട്ടിയിലെയും ഭരണത്തിലെയും ഉന്നത നേതൃത്വങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്ന ആര്യാ രാജേന്ദ്രൻെറ സ്വാധീനം മൂലമാണ് ജില്ലാ നേതൃത്വം ഈ തരത്തിൽ ഒളിച്ചുകളി നടത്തുന്നതെന്നാണ് മേയർ വിരുദ്ധരുടെ ആരോപണം.
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നേതൃത്വം ഇത്തരത്തിൽ വിട്ടുവീഴ്ച ചെയ്യുമായിരുന്നോ എന്നും അവർ ചോദിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുളള രാഷ്ട്രീയ സ്ഥിതി പ്രകാരം തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ 70 എണ്ണത്തിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കെയുണ്ട്. വട്ടിയൂർക്കാവ് , തിരുവനന്തപുരം,നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ മേധാവിത്വമാണ് ബി,ജെ.പിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
നഗരസഭാ ഭരണം നിരന്തരം അടിക്കടി അഴിമതി ആരോപണങ്ങളിൽ ചെന്നുപെടുന്നതും വിവാദങ്ങൾ സൃഷ്ടിക്കുന്നതും  മേയറുടെ ജനകീയമല്ലാത്ത ശൈലിയും എല്ലാം മുതലെടുത്താണ് ബി.ജെ.പി തലസ്ഥാന നഗരത്തിൽ വേരുറപ്പിക്കുന്നത്.

ബി.ജെ.പി ശക്തിപ്പെട്ട് അധികാരം പിടിക്കുന്നതിലേക്ക് അടുക്കുന്നത് മനസിലാക്കി പാർട്ടി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആവശ്യം. ജില്ലാ സെക്രട്ടേറിയേറ്റിലും സമാനമായ അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.

മേയർ അംഗമായ സി.പി.എം ചാല ഏരിയാ കമ്മിറ്റിയിൽ നിന്നുളള ജില്ലാ കമ്മിറ്റി അംഗമാണ് ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. മറ്റ് അംഗങ്ങളും മേയർക്കെതിരെ തിരിഞ്ഞിരുന്നു. മേയറും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ചേർന്ന് കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിന് എതിരെ രൂക്ഷമായ പ്രതികരണമാണ് ജില്ലാ കമ്മിറ്റിയിൽ ഉണ്ടായത്.
തടഞ്ഞിട്ട ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമെന്നാണ് ചില  ജില്ലാ കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. സംഭവത്തിൽ മേയറും ഭർത്താവും പക്വത കാണിച്ചില്ല. മേയറും കുടുംബവും നടുറോ‍ഡിൽ കാണിച്ചത് തനി ഗുണ്ടായിസമാണ്. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും വിമര്‍ശിക്കപ്പെട്ടു. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കിയെന്നും അംഗങ്ങൾ വിമർശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *