ടി20 ലോകകപ്പ് ഫൈനലില്‍ വിരാട് കോഹ്ലിക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 59 പന്തില്‍ 76 റണ്‍സാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലി നേടിയത്. എന്നാല്‍ പേസ് ബൗളര്‍മാരാണ് ഇന്ത്യയെ രക്ഷിച്ചതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ ബൗളര്‍ക്കായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“കോഹ്ലി അത്തരത്തില്‍ ഇന്നിംഗ്‌സ് കളിച്ചതുകൊണ്ട്, ഇന്ത്യയുടെ വിനാശകരമായ ബാറ്റർമാരിൽ ഒരാളായ ഹാർദിക് പാണ്ഡ്യയ്ക്ക് നേരിടാൻ രണ്ട് പന്തുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യയുടെ ബാറ്റിംഗ് മികച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ ഇന്ത്യയെ ‘ടൈറ്റാ’യ നിലയില്‍ എത്തിക്കുന്ന ഇന്നിംഗ്‌സാണ് കോഹ്ലി കളിച്ചത്. ബൗളര്‍മാരുടെ പ്രകടനം അത് തെളിയിക്കുകയും ചെയ്തു.ഇന്ത്യ തോറ്റ അവസ്ഥയിലായിരുന്നു. 90 ശതമാനം വിജയ സാധ്യതകളും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. 128 സ്ട്രൈക്ക് റേറ്റിലാണ് കോഹ്ലി പകുതി ഇന്നിംഗ്‌സും കളിച്ചത്. ഒരു ബൗളറാണ് എന്റെ പ്ലെയര്‍ ഓഫ് ദ മാച്ച്. തോല്‍വിയുടെ വക്കില്‍ നിന്ന് കളി ഏറ്റെടുത്ത് വിജയിപ്പിച്ചത് അവരാണ്”-മഞ്ജരേക്കറിന്റെ വാക്കുകള്‍.