ഭാര്യാപിതാവിനെയും സഹോദരനെയും കുത്തിക്കൊന്ന കേസില്‍ മരുമകന് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: ഭാര്യാപിതാവിനെയും സഹോദരനെയും കുത്തിക്കൊന്ന കേസില്‍ മരുമകന് ജീവപര്യന്തം തടവും പിഴയും. പൂജപ്പുര മുടവന്‍മുഗള്‍ അനിതാഭവനില്‍ സുനില്‍കുമാര്‍, മകന്‍ എസ്. അഖില്‍ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. സുനില്‍കുമാറിന്റെ മരുമകനായ മുട്ടത്തറ പുതുവല്‍പുത്തന്‍വീട്ടില്‍ അരുണിനെയാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണു ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
2021 ഒക്‌ടോബര്‍ ഒമ്പതിനാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയുടെ ഗാര്‍ഹികപീഡനം സഹിക്കാനാവാതെ2 വയസ്സുള്ള മകളുമായി ഭാര്യ അപര്‍ണ പിതാവായ കൊല്ലപ്പെട്ട സുനില്‍കുമാറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി. ഇതില്‍ പ്രകോപിതനായ അരുണ്‍ സുനില്‍കുമാറിനെയും മകന്‍ അഖിലിനെയും ഫോണിലൂടെ ഭീഷണിപ്പെടുത്തി. മൂന്നുദിവസം കഴിഞ്ഞ് രാത്രി പൂജപ്പുരയിലുള്ള വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് സുനില്‍കുമാറിനെയും അഖിലിനെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രധാന സാക്ഷികളായ അപര്‍ണയും മാതാവ് ഷീനയും അയല്‍വാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നല്‍കി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും മരണപ്പെട്ട അഖിലിന്റെ രക്തം ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതും പ്രതി ഡോക്ടറോട് പറഞ്ഞ കുറ്റസമ്മതമൊഴിയും പ്രധാന തെളിവുകളായി.
ജയിലിലെ നല്ലനടപ്പും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നല്‍കിയില്ല. പിഴത്തുക മരണപ്പെട്ട സുനില്‍കുമാറിന്റെ ഭാര്യക്ക് നല്‍കാന്‍ കോടതി ഉത്തരവായി. ഇരകളായ സുനില്‍കുമാറിന്റെ ഭാര്യ ഷീന, മകള്‍ അപര്‍ണ, ഇവരുടെ മകള്‍ അനാമിക എന്നിവര്‍ക്ക് സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി.
പൂജപ്പുര ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ റോജ്, എസ്ഐ എന്‍.ജി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വട്ടപ്പാറ വി. സാജന്‍പ്രസാദ്, അഡ്വ. പ്രീത, അഡ്വ. പി. ബിജുലാല്‍ എന്നിവര്‍ ഹാജരായി.