പാലക്കാട്: തിരുവിഴാംകുന്നിൽ കാലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചു. ചികിത്സ നൽകുന്നതിനായാണ് മയക്കുവെടിവച്ചത്.
തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗത്താണ് ആനയെ പരിക്കുകളോടെ കണ്ടെത്തിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം ആണ് മയക്കുവെടിവച്ചത്. വെടിയേറ്റ കാട്ടാനയെ വനപാലകർ നിരീക്ഷിച്ചുവരുകയാണ്.
രാവിലെ കരടിയോട് ഭാഗത്ത് ആനയെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരെത്തി ആനയെ നിരീക്ഷിച്ചപ്പോഴാണ് കാലിലെ പരിക്ക് കണ്ടത്. തുടർന്ന് ചികിത്സനൽകാൻ തീരുമാനിക്കുകയായിരുന്നു. ചികിത്സ നൽകിയശേഷം ആനയെ കാട്ടിലേക്ക് വിടും.