തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന വിവാദ പ്രസ്താവനയില്‍ സജി ചെറിയാനെ തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി.പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ലെന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമാണ്. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കാനാണ് ശ്രമം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ. ആര്‍.ടി. അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണ്. അധ്യാപകര്‍ക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി ശിവകുട്ടി പറഞ്ഞു.