ചാലിയം: ചാലിയത്തിന്റെ സ്വന്തം കാരണവർ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സുകാരൻ ചാലിയം കണ്ടറം പള്ളിക്ക് സമീപം താമസിക്കുന്ന ഒസ്സാവട്ടത്ത് അബ്ദുല്ല(107) നിര്യാതനായി. നൂറ്റിയെട്ടിലെത്തിയ അബ്ദുള്ള കർമ്മ രംഗങ്ങളിൽ അടുത്ത് കാലത്ത് വരെ സജീവമായിരുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നമ്പാല ചോയി, എൻ.വി. ബിച്ചഹമ്മദ്, പിൻപുറത്ത് ചന്തപ്പൻ എന്നിവർക്കൊപ്പം ചാലിയത്തു നിന്നും നടന്നു പോയി കോഴിക്കോട്ട് നടന്ന ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തത് വല്ലാത്ത ആവേശത്തോടെയാണ് എപ്പോഴും അദ്ദേഹം പറയാറുള്ളത്.
ഗാന്ധിജിയെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെയുമൊക്കെ നേരിൽ കണ്ട കാര്യങ്ങൾ പറയുമ്പോൾ എന്നും ആ കണ്ണുകളിൽ ആവേശം തിരയടിച്ചിരുന്നു.
സിലോണിൽ നിന്നും നാട്ടിലെത്തുന്ന ഉമ്പിച്ചി ഹാജിയെ (ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ സ്ഥാപകൻ) നേരിൽ കണ്ടതും അദ്ദേഹത്തിന്റെ ഉദാര മനസ്ക്കതയും എന്നും അബ്ദുള്ളക്കയുടെ ഓർമ്മകളിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ദേശീയ പതാകയുയർത്താൻ തൂവെള്ള വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ് അതിരാവിലെ ചാലിയം അങ്ങാടിയിലെത്തിയിരുന്നു അബ്ദുള്ളക്ക.
നൂറ്റിയേഴിലും സുഗന്ധ ദ്രവ്യ വില്പനയുമായി അങ്ങാടിലെത്തിയിരുന്ന അബ്ദുള്ളക്ക പഴയ തലമുറക്കും പുതിയ തലമുറക്കും ഒരു പോലെ അത്ഭുതവും ആവേശവുമായിരുന്നു. നിരവധി തലമുറകളിലൂടെ ആയിരങ്ങൾക്ക് സുന്നത്ത് കർമ്മം നടത്തിയിരുന്നു അബ്ദുള്ള.
ഭാര്യമാർ: പരേതരായ ഒ.സി ആയിഷ, ഒ.സി ഫാത്തിമ. മക്കൾ: ഫാത്തിമ(വടകര), ജമീല(ചാലിയം) മജീദ്(ചാലിയം), സഫിയ(വടകര), സക്കീന(ബാലുശ്ശേരി), സാജിത(പയ്യോളി), പരേതനായ മുഹമ്മദ്. മരുമക്കൾ: ഷരീഫ(കുറ്റ്യാടി),ആയിഷ(പുല്ലാളൂർ),അബുബക്കർ, ഹസ്സൻ,ബഷീർ, ജലീൽ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് എടച്ചേരി, കുഞ്ഞലിമ തെക്കെത്തറ. മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് ചാലിയം ജുമുഅത്ത് പള്ളിയിൽ.